25 April Thursday

-അശരണർക്ക‌് അഭയമൊരുക്കാൻ സരോജിനി ടീച്ചർ നൽകിയത‌് 4 സെന്റ‌്

സ്വന്തം ലേഖകൻUpdated: Tuesday Feb 12, 2019

സരോജിനി ടീച്ചർ ഭൂമിയുടെ ആധാരം മന്ത്രി കെ ടി ജലീലിന് കൈമാറുന്നു

തിരുവനന്തപുരം
അശരണർക്ക് ആലംബമേകാൻ നിറമനസ്സോടെ സരോജിനി ടീച്ചർ  കുടുംബവിഹിതമായി കിട്ടിയ  ഭൂമിയിൽനിന്ന‌് നാല‌് സെന്റ് വിട്ടുനൽകി. സാന്ത്വനപരിചരണ സേവനരംഗങ്ങളിൽ  മാതൃകയായ  വിഴിഞ്ഞം അലിയാർ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ ഭവനരഹിതർക്ക് വീട‌് നിർമിച്ചുനൽകുന്ന പദ്ധതിക്കാണ‌്  സരോജിനി ടീച്ചർ ഭൂമി നൽകിയത‌്. സൊസൈറ്റി ഭാരവാഹികളെ തന്റെ ആഗ്രഹം നേരിട്ട‌് അറിയിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശിനിയായ സരോജിനി ടീച്ചർ  വിവാഹത്തോടെയാണ് വിഴിഞ്ഞം പുല്ലൂർക്കോണം ശ്യാമളാലയത്തിൽ  താമസമാക്കിയത് . അധ്യാപികയായിരുന്നു. 1997-ൽ സർവീസിൽനിന്നു  വിരമിച്ചു. 2005ൽ- വിഴിഞ്ഞം ഗ്രാമപഞ്ചായത്തിൽ സിപിഐ എം  അംഗമായിരുന്നു. 
 
ഭർത്താവ് കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്നു. മൂന്ന് മക്കളും വിവാഹിതരാണ്. വിഴിഞ്ഞം അലിയാർ ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാം വാർഷികാഘോഷ - സ്നേഹസാന്ത്വന പരിപാടികളുടെ ഉദ്ഘാടനവേദിയിൽ  സരോജിനി ടീച്ചർ ഭൂമിയുടെ ആധാരം മന്ത്രി കെ ടി  ജലീലിന് കൈമാറി. ആധാരം ഏറ്റുവാങ്ങി മന്ത്രി സരോജിനി ടീച്ചറെ പൊന്നാട ചാർത്തി ആദരിച്ചു. സരോജിനി ടീച്ചർ നൽകിയ ഭൂമിയിൽ ഈവർഷംതന്നെ ഒരു നിർധന കുടുംബത്തിന് വീട് വച്ചുനൽകുമെന്ന് സൊസൈറ്റി പ്രസിഡന്റ‌് അഡ്വ. പി എസ് ഹരികുമാർ പറഞ്ഞു. കഴിഞ്ഞവർഷം പുല്ലുവിളയിൽ നിർധനയായ ബെല്ലാർമിന്റെ കുടുംബത്തിന് വീട‌് നിർമിച്ചുനൽകിയിരുന്നു. 
 
 നൂറിലധികം കിടപ്പുരോഗികൾക്ക് സാന്ത്വനപരിചരണം, രണ്ട‌് ആംബുലൻസ് സർവീസുകൾ, വിഴിഞ്ഞം, പുല്ലുവിള, പൂവാർ എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം, 200ലധികം അംഗസംഖ്യയുള്ള രക്തദാനസേന, 200ലധികം വരുന്ന പാലിയേറ്റീവ് കെയർ വളന്റിയേഴ്സ്, രണ്ടേക്കറിൽ ജൈവപച്ചക്കറി കൃഷി തുടങ്ങിയ ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങൾ സൊസൈറ്റി നടത്തുന്നുണ്ട‌്. പ്രതിമാസം 50 നിർധനർക്ക‌് 10 കിലോ  അരിയടങ്ങുന്ന ഭക്ഷ്യ കിറ്റ‌ും നൽകുന്നുണ്ട‌്. ഈ വർഷം സൗജന്യനിരക്കിൽ ഔഷധങ്ങൾ വിതരണം ചെയ്യാൻ മെഡിക്കൽ സ്റ്റോർ ആരംഭിക്കുമെന്നും ഹരികുമാർ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top