19 March Tuesday

ഒരു ലക്ഷത്തിലേറെ ഭൂരഹിതർക്ക‌് പട്ടയം നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

മന്ത്രി ഇ ചന്ദ്രശേഖരൻ ജില്ലാതല പട്ടയം വിതരണം ചെയ്യുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമീപം

തിരുവനന്തപുരം > എൽഡിഎഫ‌് സർക്കാർ അധികാരത്തിലെത്തി രണ്ടര വർഷത്തിനിടെ സംസ്ഥാനത്ത് ഭൂരഹിതരായ ഒരു ലക്ഷത്തിലേറെ പേർക്ക് പട്ടയം നൽകിയതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. 
ശേഷിക്കുന്ന ഭൂരഹിതർക്ക‌് സർക്കാരിന്റെ കാലാവധി പൂർത്തിയാകും മുമ്പ‌് പട്ടയം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ‌്. ജില്ലയിലെ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 444 ഭൂരഹിതർക്കു മേളയിൽ പട്ടയവും കൈവശാവകാശ രേഖയും വിതരണം ചെയ്തു. ഭൂരഹിതരായ അർഹതപ്പെട്ട മുഴുവൻപേർക്കും പട്ടയം നൽകുകയാണ‌് സർക്കാരിന്റെ  നയമെന്ന‌് മന്ത്രി പറഞ്ഞു. നിയമാനുസൃത നടപടികളിലൂടെ അർഹതപ്പെട്ടവർക്കു പരമാവധി വേഗത്തിൽ ഭൂമി ലഭ്യമാക്കാനുള്ള നടപടികളിലാണ‌് റവന്യൂ വകുപ്പ്. മിച്ചഭൂമി ഏറ്റെടുത്ത് അർഹതപ്പെട്ടവർക്ക‌് നൽകുന്നതിനു ചില സാങ്കേതിക തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. റവന്യൂ പുറമ്പോക്കുകൾ പതിച്ചുകിട്ടാൻ കാത്തിരിക്കുന്നവരുടെ അപേക്ഷകളിൽ നിയമാനുസൃതമായ തീർപ്പുണ്ടാകും. ലാൻഡ് അസസ്‌മെന്റ് കമ്മിറ്റികൾവഴിയുള്ള ഭൂമി വിതരണത്തിന്റെ നടപടികളും നടക്കുന്നുണ്ട്.  ജില്ലയിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ ഭൂരഹിതരായവർക്കാണ് പട്ടയമേളയിലൂടെ സ്വന്തമായി ഭൂമി നൽകിയത്. വർക്കല, ചിറയിൻകീഴ് താലൂക്കുകളിലുള്ളവർക്കായി പ്രത്യേകം പട്ടയമേള നടത്തും. 
-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. ചടങ്ങിൽ എംഎൽഎമാരായ കെ ആൻസലൻ, ഐ ബി സതീഷ്, വി എസ് ശിവകുമാർ, കലക്ടർ കെ വാസുകി, എഡിഎം വി ആർ വിനോദ്, ഡെപ്യൂട്ടി കലക്ടർമാരായ ജോൺ വി സാമുവൽ, സാം ക്ലീറ്റസ്, അനു എസ് നായർ എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top