15 October Tuesday

യുവാവിനെ കെട്ടിയിട്ട് മർദിച്ചു; 8 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ പിടിയിലായ പ്രതികൾ

കോവളം
ഓട്ടോയിൽ എത്തിയ സംഘം യുവാവിനെ വീട്ടിൽനിന്ന്‌ വിളിച്ചിറക്കി നടുറോഡിൽ കൊടിമരത്തിൽ കെട്ടിയിട്ട് മർദിച്ചു. എട്ട് പ്രതികൾ അറസ്റ്റിൽ. പ്രതികളിൽനിന്ന്‌ വാളും കത്തിയും കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞം ടൗൺഷിപ്‌ കോളനിയിൽ ഫൈസലി (23)നെയാണ് വീട്ടിൽനിന്ന്‌ വിളിച്ചിറക്കി വിഴിഞ്ഞം തിയറ്റർ ജങ്‌ഷനിലെ  കൊടിമരത്തിൽ കെട്ടിയിട്ട് നാട്ടുകാരുടെ മുന്നിൽവച്ച് മർദിച്ചത്. ചൊവ്വാഴ്ച പകൽ പതിനൊന്നോടെ ഉണ്ടായ സംഭവത്തിൽ വിഴിഞ്ഞം സ്വദേശികളായ ഷാഫി (26), കണ്ണൻ (23), ഇസ്മയിൽ (21), ഹാഷിം (29), ആഷിക് (29), അജ്മൽ (24), സജിൽ (22), ഫിറോസ് (22) എന്നിവരെയാണ്‌ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. കൊടിമരത്തിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തെതുടർന്ന് ഡിവൈഎഫ്ഐ ലോക്കൽ  സെക്രട്ടറി കബീർ വിഴിഞ്ഞം പൊലീസിൽ പരാതിയും നൽകി. 
 
എട്ടംഗ സംഘത്തിലെ ഒരാളെ ഫൈസൽ മുമ്പ്‌ ആക്രമിച്ചതിന് വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ചത്തെ സംഭവമെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞം പൊലീസ് ഇൻസ്പെക്ടർ എസ് ബി പ്രവീണിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വിഴിഞ്ഞം എസ്ഐഎസ്എസ് സജി, സിവിൽ പൊലീസുകാരായ അജികുമാർ, കൃഷ്ണകുമാർ, ജോസ്, ഗോപു കൃഷ്ണൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top