18 February Monday

അപകടങ്ങൾ അവസാനിക്കുന്നില്ല; ഇത്‌ പൊഴിക്കര

ബി ആർ അജീഷ‌്ബാബുUpdated: Saturday Aug 11, 2018

പൊഴിയൂരിലെ പൊഴിക്കര

പാറശാല  
വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന നെയ്യാറും അറബിക്കടലും സംഗമിക്കുന്ന പൊഴിയൂരിലെ പൊഴിക്കരയിൽ അപകടങ്ങൾ  തുടർക്കഥയാകുന്നു. പൊഴിമുറിഞ്ഞ് കടലിലേക്ക് വെള്ളം ഒഴുകി പോകുന്നത് സഞ്ചാരികളെ ആകർഷിക്കുന്ന മനോഹര കാഴ്ചയാണ്. എന്നാൽ, അതിനുമപ്പുറമുള്ള അപകടമാണ് പൊഴിക്കരയിൽ പതിയിരിക്കുന്നത്. പൊഴിക്കരയിലെ ഒരു ഭാഗം നെയ്യാറും കനാലും കൂടിച്ചേരുന്ന തടാകമാണ്. തടാകത്തിനടിത്തട്ടിൽ നിറയെ കയങ്ങളും മണൽ കുഴികളുമാണ‌്.
 
മറുവശത്ത് കൂറ്റൻ തിരമാലയടിക്കുന്ന കടലും. ഇതൊന്നുമറിയാതെയാണ് സഞ്ചാരികളെത്തുന്നത്. ഇവർ കടലിലും കായലിലും ഇറങ്ങി കുളിക്കുന്നത് പതിവാണ്. കരയിലെ ആഴം കുറഞ്ഞ ഭാഗത്തുനിന്ന‌് കയങ്ങളിലകപ്പെട്ടാൽ രക്ഷപ്പെടാൻ വളരെ പ്രയാസമാണ്. പൊഴിമുറിക്കുന്ന സമയത്താണ് അപകടം കൂടുതൽ. പൊഴിമുറിഞ്ഞ് കായലിൽനിന്ന് കടലിലേക്ക് വെള്ളം ഒഴുകി പോകുന്നത് കാണാൻ സ്വദേശികളും വിദേശികളുമടക്കമുള്ള നിരവധിപ്പേരാണ് എത്തുന്നത്. ഈ സമയം വെള്ളം ഒഴുകി പോകുന്ന കുത്തൊഴുക്കുള്ള പൊഴിമുഖമായി മാറുകയാണ് പൊഴിക്കര.
 
ഇത് കാണാനായി സമീപത്ത് നിൽക്കുന്നവർ മണലിടിഞ്ഞും കടലിൽ കുളിക്കുന്നവർ ശക്തമായ ഒഴുക്കിൽപ്പെട്ടും അപകടത്തിലാകുന്നു. ഇത്തരത്തിൽ തമിഴ്നാട്ടിൽനിന്നുള്ള വിനോദ സഞ്ചാരികളായ ഒരു കുടുംബത്തിലെ വീട്ടമ്മയുൾപ്പെടെയുള്ള മൂന്ന് കുട്ടികൾ രണ്ട‌് വർഷം മുമ്പ് തിരയിലകപ്പെട്ട് മരിച്ചിരുന്നു. എട്ടു മാസം മുമ്പ‌് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കൊല്ലങ്കോട്  നീരോടി സ്വദേശിയായ യുവാവ‌് ഇവിടെ മുങ്ങി മരിച്ചിരുന്നു. അഞ്ചു വർഷത്തിനിടെ പന്ത്രണ്ടോളം പേരാണ് ഇവിടെ അപകടങ്ങളിൽ മരിച്ചത‌്. 
 
കടലിലും കായലിലുമായി ഈ ഭാഗങ്ങളിൽ മരിച്ചത‌് നിരവധി പേരാണ്. ഇരട്ടിയിലധികം സഞ്ചാരികളെ രക്ഷപ്പെടുത്തിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു. നിരവധി റിസോർട്ടുകളും ജലയാത്രക്ക് വേണ്ടി ധാരാളം ബോട്ട് സർവീസുകളുമുള്ള ഇവിടെ വിനോദ സഞ്ചാരികൾക്ക് വേണ്ട സുരക്ഷയൊരുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന‌് പരാതിയുണ്ട‌്. 
ഇത്തരത്തിൽ റിസോർട്ടുകളിൽനിന്ന‌് ബോട്ട് മാർഗം പൊഴിക്കരയിലെത്തിക്കുന്നവരിൽ ഏറെയും അന്യസംസ്ഥാനക്കാരും വിദേശികളുമാണ്. എന്നാൽ, അപകട സാധ്യതയെക്കുറിച്ച് ഇവർക്ക് മുന്നറിയിപ്പ് നൽകാറില്ല. കിലോമീറ്ററോളം വിജനമായ പ്രദേശമാണ് പൊഴിക്കര. അതു കൊണ്ട് തന്നെ അപകടം നടന്നാൽ വളരെ പെട്ടെന്ന് ആരും ശ്രദ്ധിക്കുകയുമില്ല. കൂടാതെ പ്രധാന റോഡിൽനിന്ന് രണ്ട് കിലോമീറ്ററോളം ദൂരമുണ്ട് പൊഴിക്കരയെത്താൻ. ഇവിടെ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ സുരക്ഷാ സംവിധാനമേർപ്പെടുത്തുകയോ ലൈഫ് ഗാർഡിനെ നിയമിക്കുകയോ അപായസൂചന ബോർഡ് സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. മധ്യവേനലവധിയിലും വൊക്കേഷനിലും അവധി ദിവസങ്ങളിലുമെല്ലാം വൃദ്ധരും കുട്ടികളുമടക്കം നിരവധിപേരാണ് പൊഴിക്കരയിലെത്തുന്നത് എന്നാൽ, ഇവർക്ക് വിശ്രമിക്കാനോ മഴ പെയ്താൽ ഒതുങ്ങി നിൽക്കാനോ വേണ്ട സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. 
 
തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന പരാതിയുമുണ്ട്. അടുത്തിടെ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും മൂന്നോളം ലൈറ്റുകൾ പ്രവർത്തനരഹിതമാണ്. തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാനും പൊഴിക്കരയിലെ സുരക്ഷക്ക് വേണ്ട സംവിധാനമൊരുക്കാത്തതിലും പഞ്ചായത്തധികൃതർക്കെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാർക്കിടയിൽ ഉയരുന്നത്.  പൊഴിയൂരിൽ തീരദേശ പൊലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നതോടെ പ്രകൃതി രമണീയമായ പൊഴിക്കര നേരിടുന്ന പ്രശ്നങ്ങൾക്ക് ഏറെക്കുറെ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
 
 
 
 
പ്രധാന വാർത്തകൾ
 Top