14 June Monday

യാത്രയായത് വട്ടിയൂർക്കാവിന്റെ 
‘ഹോക്കി സർ’

നിഖിൽ കരകുളംUpdated: Friday Jun 11, 2021

ഹോക്കി താരങ്ങളോടൊപ്പം നവാബ് ജാൻ 
(നിൽക്കുന്നവരിൽ വലത്ത് നിന്ന് അഞ്ചാമത്‌)

 
പേരൂർക്കട
 വട്ടിയൂർക്കാവിന്റെ ഹോക്കി സർ യാത്രയായി. വട്ടിയൂർക്കാവിലെ കുരുന്നുകൾക്ക് ഹോക്കി കളിയുടെ ബാലപാഠങ്ങൾ പകർന്നു നൽകിയ നവാബ് ജാൻ കടന്നു പോയത് ഒട്ടനവധി താരങ്ങളെ കായിക മേഖലയ്ക്ക് നൽകിയാണ്. സംസ്ഥാന  താരമായിരുന്ന നവാബ് ജാൻ 1976 ൽ സ്പോർട്സ് ക്വാട്ടയിലാണ് എഫ്സിഐയിൽ ജോലി നേടിയത്. തുടർന്നും ഹോക്കി കളിയോടുള്ള അഭിനിവേശം അവസാനിപ്പിച്ചില്ല. 
1984 ൽ വട്ടിയൂർക്കാവിൽ താമസത്തിനെത്തിയതുമുതലാണ് എഫ്സിഐയിൽ നിന്ന് പ്രത്യേക അനുവാദം നേടി വട്ടിയൂർക്കാവ് ഗവ. ഹൈസ്കൂളിൽ  ഹോക്കി പരിശീലിപ്പിക്കാൻ ആരംഭിച്ചത്. വട്ടിയൂർക്കാവ് കേന്ദ്രീകരിച്ച് ഹോക്കി ക്ലബ് രൂപീകരിച്ച് പുതിയ താരങ്ങളെ കണ്ടെത്തി. 
2000 വരെയുള്ള കാലയളവിൽ 1500 ൽ പരം കുട്ടികളെയാണ് പരിശീലിപ്പിച്ചത്.16 വർഷം സൗജന്യമായി ഹോക്കി പരിശീലിപ്പിച്ച അദ്ദേഹത്തെ കുട്ടികളും രക്ഷിതാക്കളും സ്നേഹത്തോടെ വട്ടിയൂർക്കാവിന്റെ  ഹോക്കി സർ എന്നാണ് വിളിച്ചിരുന്നത്. 
1997 മുതൽ 2001 വരെ യൂണിവേഴ്സിറ്റി കോളേജിൽ ഹോക്കി പരിശീലകനായിരുന്നു.  ഇക്കാലയളവിൽ 21 വർഷത്തിനുശേഷം ഇ​ന്റർ കൊളീജിയറ്റ് ചാമ്പ്യൻഷിപ്പും കോളേജിന് നേടാനായി.
ദേശീയ, സംസ്ഥാന താരങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് പ്രശസ്തർ ശിഷ്യ സമ്പത്തായുണ്ട്. തൈക്കാട് ഹോക്കി ക്ലബ് കേന്ദ്രീകരിച്ചും പരിശീലനം നൽകിയിരുന്നു.പാളയം പള്ളി ജമാഅത്ത് സെക്രട്ടറിയായിരുന്നു. 
ബുധനാഴ്ച ഉച്ചയോടെ കുഴഞ്ഞു വീണാണ് മരിച്ചത്. വ്യാഴാഴ്ച പാളയം പള്ളി കബർസ്ഥാനിൽ കബറടക്കി. സിപിഐ എം പേരൂർക്കട ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ, പഴയ കാല ഹോക്കി താരങ്ങൾ, പഴയ ശിഷ്യർ ഉൾപ്പെടെ ആദരാഞ്ജലികൾ അർപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top