17 June Monday

മുന്നറിയിപ്പ‌് അവഗണിച്ച‌് കടലിലേക്ക‌ുപോയ ഉല്ലാസബോട്ട‌് മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019
കോവളം
അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് സഞ്ചാരികളുമായി കടലിലേക്കുപോയ ഉല്ലാസ ബോട്ട് മറിഞ്ഞു. വെള്ളത്തിൽ തെറിച്ച് വീണകുട്ടികൾ ഉൾപ്പെടെയുള്ള നാലംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴയ‌്ക്ക്. അപകടത്തിൽ ഒരാളുടെ തലയ‌്ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് കോവളം ഹൗവ്വാ ബീച്ചിനെ നടുക്കിയ അപകടം നടന്നത്. അടൂരിൽനിന്ന് കോവളം കാണാനെത്തിയ അമ്പതോളം പേരിൽ അടൂർ കൈതപ്പറമ്പിൽ പടിഞ്ഞാറ്റേൽ വീട്ടിൽ ഷാനു ഡാനിയേൽ (38), മക്കളായ അലൻ (17), അനുന (14), ആഞ്ചലിക്ക (8) എന്നിവരാണ് കഷ്ടിച്ച് രക്ഷപ്പെട്ടത‌്. ഒരാഴ്ചയായി തുടരുന്ന കടൽക്ഷോഭം വ്യാഴാഴ്ച രാവിലെ മുതൽ രൂക്ഷമായിരുന്നു. 
 
സഞ്ചാരികളെ വലവീശിപ്പിടിച്ച് ഉല്ലാസമെന്ന പേരിൽ പിഴിയുന്ന സംഘം രാവിലെ തന്നെ സജീവമായതോടെ  പൊലീസും ലൈഫ് ഗാർഡുകളും മുന്നറിയിപ്പുമായി രംഗത്തെത്തി. തീരത്ത് നിർത്തിയിരുന്ന ബോട്ടുകൾ തിരയടിയിൽ പരസ്പരം കൂട്ടിയിടിച്ചിരുന്നു. ഇതോടെ ബോട്ട് സർവീസ‌് നിർത്തിവച്ചെങ്കിലും വൈകിട്ട‌് വീണ്ടും ബോട്ടിറക്കിയതാണ് അപകടത്തിനിടയാക്കിയത‌്. കരയിൽനിന്ന് കാണാവുന്ന ദൂരത്തിലായതിനാൽ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താനായി. ലൈഫ് ഗാർഡുമാരും ടൂറിസം പൊലീസ് ഉദ്യോഗസ്ഥനും ചിലബോട്ടു ജീവനക്കാരും പ്രതികൂല സാഹചര്യം അവഗണിച്ചാണ‌് രക്ഷാപ്രവർത്തനം നടത്തിയത്. മറിഞ്ഞ ബോട്ടിന്റെ അരികിൽ തലയിടിച്ചാണ് ഷാനു ഡാനിയേലിന‌് പരിക്കേറ്റത്. ബോട്ട് ഡ്രൈവർ കോവളം സ്വദേശി ഹെൻഡ്രിയെ തീരദേശ പൊലീസ‌് കസ‌്റ്റഡിയിലെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top