15 July Wednesday
ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ചു

അംബാ ആശ്രമാധിപതിയടക്കം 4 പേർ മരിച്ചു

സ്വന്തം ലേഖകർUpdated: Sunday Nov 10, 2019

ആലംകോട്‌ ലോറിയുമായി കൂട്ടിയിടിച്ച്‌ നാല്‌ പേരുടെ മരണത്തിനിടയാക്കിയ കാറ്‌ വെട്ടിപ്പൊളിച്ച്‌ ഫയർഫോഴ്‌സ്‌ മൃതദേഹം പുറത്തെടുക്കുന്നു. സമീപം കൂട്ടിയിടിച്ച ലോറി

തിരുവനന്തപുരം 
ആറ്റിങ്ങൽ ആലംകോട്‌ കൊച്ചുവിളമൂട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാല്‌ പേർ മരിച്ചു. മാവേലിക്കര ചെട്ടിക്കുളങ്ങര മേനാമ്പള്ളി അംബാ ആശ്രമാധിപതി സ്വാമി ജ്ഞാനാനന്ദയോഗി (82), ഭാഗവതാചാര്യൻ മാവേലിക്കര തെക്കേക്കര വാത്തികുളം ക‌ൃഷ്‌ണപ്രസാദത്തിൽ രാജൻ ബാബു (64), സ്വാമിയുടെ സഹായികളായ കൊല്ലം ഓച്ചിറ ചങ്ങൻകുളങ്ങര ഇടച്ചേരിൽ റാവു (73), മകൻ അനുരാഗ്‌ (33) എന്നിവരാണ്‌ മരിച്ചത്‌. അനുരാഗാണ്‌ കാർ ഓടിച്ചിരുന്നത്‌. 
 
തിരുവനന്തപുരം നെയ്യാർ ഡാമിലെ ശിവാനന്ദാശ്രമത്തിൽ സപ്‌താഹം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാർ ശനിയാഴ്‌ച പകൽ 2.30 ഓടെ ആറ്റിങ്ങൽ ആലംകോട്‌ കൊച്ചുവിളമൂട്ടിൽവച്ച്‌ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. നാലുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ചിറയിൻകീഴ്‌  ഗവ. താലൂക്ക്‌ ആശുപത്രിയിൽ. ഞായറാഴ്‌ച രാവിലെ പോസ്‌റ്റുമോർട്ടത്തിനുശേഷം സ്വദേശങ്ങളിലേക്ക്‌ കൊണ്ടുപോകും.
 
ഡ്രൈവർ ഉറങ്ങിയതാകാം കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ സ്വാമി ജ്ഞാനാനന്ദയോഗി സന്യാസം സ്വീകരിച്ചിട്ട് 50 വർഷത്തോളമായി. ഹരിഹര ചൈതന്യ എന്നായിരുന്നു ആദ്യം സ്വീകരിച്ച പേര്‌. ദീർഘകാലം തിരുവനന്തപുരം കോട്ടയ്‌ക്കകം മിത്രാനന്ദപുരത്തായിരുന്നു താമസം. അഞ്ചുവർഷം മുമ്പാണ് കായംകുളത്ത് അംബ ആശ്രമം ആരംഭിച്ചത്. തങ്കപ്പൻനായർ എന്നാണ് പഴയ പേര്‌. സപ്താഹ, -നവാഹ യജ്ഞാചാര്യനും യോഗ പരിശീലകനുമായിരുന്നു. തിരുവനന്തപുരം അഭയദാനന്ദാശ്രമവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സ്വാമി കേരളത്തിലെ വിവിധ ആശ്രമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
 
ഭാഗവതാചാര്യൻ രാജൻ ബാബു നാല് പതിറ്റാണ്ടിലേറെയായി ഭാഗവത ആഖ്യാതാവും സപ്താഹ, - നവാഹ യജ്ഞാചാര്യനുമായിരുന്നു. ന‌ൃത്ത സംഗീത നാടക രചയിതാവായും അഭിനേതാവായും കലാരംഗത്തും സജീവമായിരുന്നു. പ്രശസ്‌ത സംഗീതജ്ഞൻ ഭരണിക്കാവ് വാസുദേവന്റെ സഹോദര പുത്രനാണ്. ഭാര്യ: പത്മാക്ഷി. മക്കൾ: ശരത് ബാബു (ഇന്ത്യൻ നേവി), അർച്ചന എസ് ബാബു (എംഒഎച്ച്, ഖത്തർ), വിഷ്‌ണു (വിദ്യാർഥി). മരുമക്കൾ: അനൂപ്, ഡോ. ശരണ്യ.
 
സ്വാമിയുടെ സഹായികളായി ദീർഘകാലമായി പ്രവർത്തിച്ചുവരികയായിരുന്നു റാവുവും മകനും. യാത്രകളിലും ഒപ്പമുണ്ട്‌. റാവുവിന്റെ ഭാര്യ പരേതയായ ശ്രീകുമാരി. മകൾ: അശ്വതി. അനുരാഗിന്റെ ഭാര്യ: മേഘ. മകൾ: അബിത്‌ഷ.
 
 

വിറങ്ങലിച്ച്‌ ആലംകോട്‌ 

സ്വന്തം ലേഖകൻ 

ആറ്റിങ്ങൽ
ദേശീയപാതയിൽ ആലംകോട് കൊച്ചുവിളമുക്കിന് സമീപം നാല്‌ പേരുടെ ദാരുണാന്ത്യത്തിന്‌ ഇടയാക്കിയ അപകടത്തിൽ വിറങ്ങലിച്ച്‌ നാട്‌. പ്രദേശത്ത്‌ റോഡപകടങ്ങൾ വർധിക്കുകയാണ്‌. 
 
കാൽ നൂറ്റാണ്ടായി നെയ്യാർ ഡാം പരിസരത്തെ ആശ്രമത്തിൽ സപ്‌താഹത്തിന്‌ മുടങ്ങാതെ എത്തിയിരുന്ന സ്വാമിയും സഹായികളും സപ്‌താഹം കഴിഞ്ഞ്‌ ഉച്ചഭക്ഷണവും കഴിച്ചാണ്‌ സ്വന്തം ആശ്രമത്തിലേക്ക്‌ മടങ്ങിയത്‌. സ്വാമിയുടെ അപ്രതീക്ഷിത വിയോഗവാർത്ത നെയ്യാർ ഡാമിന്റെ പരിസരങ്ങളെയും ദുഖത്തിലാഴ്ത്തി. 
 
നാഷണൽ പെർമിറ്റ്‌ ലോറിയിൽ ഇടിച്ച കാർ പൂർണമായി തകർന്നു. പതിനഞ്ച്‌ മിനിറ്റോളം പണിപ്പെട്ട്‌ കാർ വെട്ടിപ്പൊളിച്ചാണ്‌ നാട്ടുകാരും പൊലീസും ചേർന്ന്‌ മൃതദേഹങ്ങൾ പുറത്തെടുത്തത്‌. ആറ്റിങ്ങലിൽനിന്ന്‌ ഫയർഫോഴ്‌സും പൊലീസും എത്തിയാണ്‌ രക്ഷാപ്രവർത്തനത്തിൽ മുഴുകിയത്‌. മണിക്കൂറുകൾ കഴിഞ്ഞാണ്‌ മരിച്ചവരെക്കുറിച്ചുള്ള പൂർണവിവരങ്ങൾ പൊലീസിനും ലഭിച്ചത്‌. കാറിന്റെ നമ്പർ രജിസ്‌ട്രേഷൻ രേഖകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ മരിച്ചവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമായത്‌.
പ്രധാന വാർത്തകൾ
 Top