24 October Thursday
ആർഎസ്എസ്‌ കൈയേറ്റം

മഠത്തിലെ പഞ്ചലോഹവിഗ്രഹം കാണാനില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019
തിരുവനന്തപുരം 
ആർഎസ്‌എസ്‌ കൈയേറിയ മുഞ്ചിറമഠത്തിൽ നിന്ന്‌ നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീരാമസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം കാണാതായി. കൈയേറ്റത്തിനെതിരേ നിരാഹാരസമരം നടത്തുന്ന പുഷ്‌പാഞ്‌ജലി സ്വാമിയാണ്‌ ഇത്‌ വെളിപ്പെടുത്തിയത്‌. ചാതുർമാസ പൂജ  ഒരുക്കത്തിനിടെയാണ്‌ വിഗ്രഹം കാണാതായത്‌ മനസ്സിലായതെന്ന്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്‌പാഞ്‌ജലി സ്വാമിയായ പരമേശ്വര ബ്രഹ്മാനന്ദ തീർഥ വ്യക്തമാക്കി. 
 
മഠത്തിലേക്കുള്ള പ്രവേശനം ആർഎസ്‌എസ്‌ നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ നിരാഹാരം നടത്തുകയാണ്‌ സ്വാമി. 
 
ആരാധന നടത്താൻ ആർഎസ്‌എസുകാർ അനുവദിക്കാത്തതിനെ തുടർന്ന്‌ മഠത്തിന്‌ മുന്നിലെ ഇടുങ്ങിയ വഴിയിലാണ്‌ പൂജ നടത്തുന്നത്‌. നേരത്തെയുണ്ടായിരുന്ന സ്വാമിമാരുടെ സമാധിസ്ഥാനമുള്ള മഠത്തിലാണ്‌ ആചാര പ്രകാരം ചാതുർമാസ പൂജ നടത്തേണ്ടത്‌.
 
സേവാഭാരതിയുടെ പേരിലാണ്‌ മഠം ആർഎസ്‌എസ്‌ കൈയേറിയത്‌. കൈയേറിയശേഷം അനന്തശായി ബാലസദനം എന്ന പേരിൽ കുട്ടികളെ അനധികൃതമായി പാർപ്പിച്ചിരിക്കുകയാണ്‌. കൈതമുക്കിൽ ആർഎസ്‌എസ്‌ നടത്തി വന്ന ബാലസദനമാണ്‌ കൈവശാവകാശം സ്ഥാപിക്കാനായി ഇവിടേക്ക്‌ മാറ്റിയത്‌. നിയമ വിരുദ്ധമായാണ്‌ സദനം മഠത്തിൽ പ്രവർത്തിക്കുന്നത്‌. സ്ഥലം മഠത്തിന്റെ പേരിലും കെട്ടിടം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ്‌ ഓഫീസറുടെയും പേരിലാണ്‌. 
 
എന്നാൽ സദനം നടത്തുന്നതിന്‌ മഠത്തിന്റെയോ എക്‌സിക്യുട്ടീവ്‌ ഓഫീസറുടെയോ അനുവാദമില്ല. സദനം ഒഴിപ്പിക്കാൻ ഓഫീസറോട്‌ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ്‌ സ്വാമി നിരാഹാരം ആരംഭിച്ചത്‌. തനിക്ക്‌ ആക്രമണ ഭീഷണിയുണ്ടെന്നും സ്വാമി പറഞ്ഞു. നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട്‌ സ്വാമി മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി.
പ്രധാന വാർത്തകൾ
 Top