19 October Saturday

പ്രശാന്ത ഭരിതം

സ്വന്തം ലേഖകൻUpdated: Wednesday Oct 9, 2019

വി കെ പ്രശാന്ത്‌ വയലിക്കടയിൽ വോട്ടഭ്യർഥിക്കുന്നു

തിരുവനന്തപുരം
വിജയദശമി ദിനത്തിൽ വട്ടിയൂർക്കാവ്‌ എൽഡിഎഫ്‌ സ്ഥാനാർഥി വി കെ പ്രശാന്ത്‌ കുരുന്നുകൾക്ക്‌ അക്ഷരമധുരം പകർന്നു. പൂജപ്പുര സരസ്വതി മണ്ഡപം വട്ടിയൂർക്കാവ്‌ ഈശ്വരി അമ്മൻ സരസ്വതിക്ഷേത്രം, മുറിഞ്ഞപാലം, അറപ്പുര, നന്തൻകോട്‌ ലൈബ്രറി എന്നിവിടങ്ങളിലാണ്‌ പ്രശാന്ത്‌ വിദ്യാരംഭത്തിന്‌ നേതൃത്വം നൽകിയത്‌. റാന്നിയിൽനിന്നെത്തിയ സ്‌നേഹസംഘവുമായി നന്തൻകോട്‌  കനകനഗറിലാണ്‌ പ്രശാന്തിന്റെ ചൊവ്വാഴ്‌ചത്തെ വോട്ടഭ്യർഥന ആരംഭിച്ചത്‌.
 
വട്ടിയൂർക്കാവിന്റെ സ്വന്തം സ്ഥാനാർഥിയെന്ന  പ്രത്യേകതയും യുവത്വത്തിൽ നാട‌് കാണുന്ന പ്രതീക്ഷയുമായിരുന്നു കുന്നുകുഴിയിലെ പ്രശാന്തിന്റെ വോട്ടഭ്യർഥനയിൽ കണ്ടത്‌. കണ്ണമ്മൂലയിലെ വോട്ടഭ്യർഥനയ്‌ക്ക്‌ ശേഷം പ്രിയ എഴുത്തുകാരൻ ഡോ. ജോർജ്‌ ഓണക്കൂരിനെ നാലാഞ്ചിറയിലെ വസതിയിലെത്തി പ്രശാന്ത്‌ സന്ദർശിച്ചു. തന്റെ പുസ്‌തകമായ ‘ഹൃദയരാഗങ്ങൾ’ അദ്ദേഹം സ്‌നേഹസമ്മാനമായി നൽകി. എല്ലാവിധ വിജയാശംസയും ഓണക്കൂർ ആശംസിച്ചു. 
 
കല്ലുമലയിലെത്തിയ സ്ഥാനാർഥിക്ക്‌ നാടിന്റെയാകെ സ്‌നേഹസ്വീകരണം. യുവാക്കളും സ്‌ത്രീകളും തങ്ങളുടെ സ്ഥാനാർഥിയെ വരവേൽക്കാൻ ഓടിയെത്തി. പ്രശാന്തിന്റെ തലയിൽ കൈവച്ച്‌ ‘വിജയിച്ചു വാ മകനെ’യെന്ന്‌ കമലമ്മയുടെ ആശംസ. ചേർത്തുപിടിച്ച്‌ ഒപ്പമുണ്ടാകണമെന്ന്‌ സ്ഥാനാർഥി. വയലിക്കാടിൽ കച്ചവടത്തിനായുള്ള പാവയ്‌ക്ക നൽകി വഴിയോരക്കച്ചവടക്കാരി തങ്കമ്മയുടെ വരവേൽപ്പ്‌. മൂന്നാംമുട്‌, പാണൻകര, വെള്ളയക്കടവ്‌, കുലശേഖരം, കൊടുങ്ങാനൂർ എന്നിവടങ്ങളിൽ സ്ഥാനാർഥി വോട്ടഭ്യർഭിച്ചു‌. മഹാനവമി ദിനമായ തിങ്കളാഴ്‌ച കുറവൻകോണം, മുട്ടട, കേശവദാസപുരം, ചെട്ടിവിളാകം, കവടിയാർ, ശാസ്‌തമംഗലം എന്നിവിടങ്ങളിലും പ്രശാന്ത്‌ വോട്ടഭ്യർഥിച്ചു. ശാസ്‌തമംഗലത്തെ  വോട്ടഭ്യർഥനയ്‌ക്കിടെ പ്രശാന്തിന്‌  കായികതാരം ബീനാമോളും  പിന്തുണയുമായെത്തി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top