19 October Saturday

മുല്ലപ്പള്ളിയുടെ വ്യക്തിഹത്യ പരാജയഭീതിയിൽ: ആനാവൂർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019
തിരുവനന്തപുരം
 എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്തിനെതിരെ  കെപിസിസി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ അധിക്ഷേപം അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്‌ യോജിച്ചതല്ലെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്‌താവനയിൽ പറഞ്ഞു.  മേയർ എന്ന നിലയിൽ  പ്രശാന്ത് കാഴ്ചവച്ച  മാതൃകാ പ്രവർത്തനങ്ങൾ രാഷ്ട്രീയത്തിനതീതമായി  പ്രശംസ നേടിയതാണ്. അദ്ദേഹം ആർജിച്ച ആ പൊതുസമ്മതിയാണ് വട്ടിയൂർക്കാവിലെ സ്ഥാനാർഥിത്വത്തിലേക്ക് നയിച്ചതെന്ന് തലസ്ഥാന നഗരിയിലെ  ജനങ്ങൾക്ക് അറിയാം. 
 
രാഷ്ട്രീയത്തിനതീതമായി പൊതുസമൂഹം ഈ സ്ഥാനാർഥിയെ ആശീർവദിക്കുന്നതിൽ  അഭിമാനമുണ്ട്, നന്ദിയുണ്ട്. പ്രശാന്തിന്റെ ജനകീയതയിൽ വിറളിപൂണ്ടാണ്‌ മുല്ലപ്പള്ളി ആക്ഷേപം ഉന്നയിക്കുന്നത്‌.  തെരഞ്ഞെടുപ്പുകളിൽ വൻകിട പരസ്യ കമ്പനികളെ പ്രചാരണ രംഗത്തിറക്കിയതിന്റെ പകർപ്പവകാശം ഇന്ദിരാഗാന്ധിയുടെ കാലം മുതൽ കോൺഗ്രസിന്‌ സ്വന്തമാണ്. ആ പാർടിയുടെ നേതാവാണ്‌ എൽഡിഎഫിനെതിരെ  പിആർ ആരോപണം ഉന്നയിക്കുന്നത്‌.  പ്രശാന്തിന്റെ പ്രചാരകർ മണ്ഡലത്തിലെ  വോട്ടർമാരാണ്‌.  പ്രത്യേകിച്ചും യുവജനങ്ങൾ.  മുല്ലപ്പള്ളി ഇതിൽ വേവലാതിപ്പെട്ടിട്ട്‌ കാര്യമില്ല. 
 
കോൺഗ്രസ് നേതാക്കളോ പ്രവർത്തകരോ ഒപ്പം ഇല്ലെന്നാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി പരിതപിച്ചത്‌. യഥാർഥത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത്  മുല്ലപ്പള്ളിയാണെന്ന്‌ ഇതിൽനിന്ന്‌ വ്യക്തം. ആ ജാള്യം മറച്ചുപിടിക്കാനാണ് നുണപ്രചാരണം നടത്തുന്നത്‌.  ദുരൂഹ സാഹചര്യത്തിലാണ്‌  കുമ്മനം രാജശേഖരന്റെ സ്ഥാനാർഥിത്വം  ബി ജെപി നേതൃത്വം പിൻവലിച്ചത്‌. പ്രശാന്തിനെ എൽ ഡി എഫ്  സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെയാണ്‌ ഇരുകൂട്ടരും അങ്കലാപ്പിലായത്‌.  ഊതി വീർപ്പിച്ച ബലൂണാണ്‌  വി കെ പ്രശാന്തെന്ന്‌ ആക്ഷേപിക്കുന്ന മുല്ലപ്പള്ളിയുടെ സ്ഥാനാർഥി ഊതിയാൽ പോലും വീർക്കാത്ത ബലൂൺ ആണ്‌ –-ആനാവൂർ നാഗപ്പൻ പ്രസ്‌താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top