23 November Saturday

തരൂരിന്റെ മോഡി സ്‌തുതി: വെട്ടിലായി കോൺഗ്രസും യുഡിഎഫും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019
സ്വന്തം ലേഖകൻ 
തിരുവനന്തപുരം 
മോഡിസ്‌തുതിയുടെ പേരിൽ ശശി തരൂർ എംപിയും കെ മുരളീധരനും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നത്‌ വട്ടിയൂർക്കാവിൽ യുഡിഎഫിന്‌ തലവേദനയാകുന്നു. കോൺഗ്രസിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന മോഡിയെ ആര് സ്​തുതിച്ചാലും എതിർക്കുമെന്നും ഒരു ഘട്ടത്തിലും 
സ്​തുതിക്കപ്പെടേണ്ടയാളല്ല മോഡിയെന്നും കെ മുരളീധരൻ പ്രതികരിച്ചു. എന്നാൽ, എഴുതാനും വായിക്കാനും അറിയുന്ന ബുദ്ധിയുള്ള നേതാക്കൾക്ക് തന്നെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ഒരു ചാനലിന്‌ നൽകിയ അഭിമുഖത്തിൽ ശശി തരൂർ  തുറന്നടിച്ചു. മോഡി സർക്കാരിന്റെ സാമ്പത്തികനയംമുതൽ വിദേശനയംവരെയുള്ള പിഴവുകൾ ചൂണ്ടിക്കാട്ടുകയും മോഡിക്കെതിരെ 500 പേജുള്ള പുസ്തകമെഴുതുകയും ചെയ്ത തന്നെക്കാളേറെ മോഡിയെ വിമർശിച്ച ഒരു കോൺഗ്രസ് നേതാവിന്റെ പേരുപറയാൻ തരൂർ വെല്ലുവിളിച്ചു.
 
മോഡി ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ വിമർശനങ്ങൾക്ക് വിശ്വാസ്യത നഷ്ടപ്പെടുമെന്ന്‌ തരൂർ അഭിപ്രായപ്പെട്ടതോടെയാണ്‌ അദ്ദേഹത്തിനെതിരെ സംസ്ഥാന കോൺഗ്രസിലെ നേതാക്കൾ പരസ്യമായി രംഗത്തെത്തിയത്‌. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും അടക്കമുള്ള നേതാക്കൾ തരൂരിനെതിരെ രൂക്ഷമായാണ്‌ പ്രതികരിച്ചത്‌. കെപിസിസിയുടെ കാരണംകാണിക്കൽ നോട്ടീസിന് ദീർഘമായ മറുപടി നൽകിയതിനുപിന്നാലെ വിവാദം അടഞ്ഞ അധ്യായമാണെന്ന് മുല്ലപ്പള്ളി പറഞ്ഞെങ്കിലും മുരളീധരൻ വിമർശം തുടർന്നു. 
 
മോഡിയെ പ്രശംസിക്കേണ്ടവർക്ക് ബിജെപിയിലേക്കു പോകാമെന്നും വട്ടിയൂർക്കാവിലേക്ക് പ്രചാരണത്തിന്‌ വരേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. തുടർന്ന്‌ പ്രചാരണത്തിൽനിന്ന്‌ വിട്ടുനിൽക്കുകയായിരുന്നു തരൂർ. എംപി വിട്ടുനിൽക്കുന്നത്‌ മാധ്യമങ്ങളിലടക്കം ചർച്ചയായതോടെയാണ്‌ കഴിഞ്ഞദിവസം തരൂർ തിരുവനന്തപുരത്ത്‌ എത്തിയത്‌. എൽഡിഎഫ്‌ സ്ഥാനാർഥി പ്രശാന്തിനെ പ്രശംസിച്ചതും ബിജെപിയുടെ വോട്ട്‌ യുഡിഎഫിന്‌ കിട്ടിയേക്കാമെന്ന്‌ പരാമർശിച്ചതും തരൂരിനെതിരെ വീണ്ടും പാളയത്തിൽപ്പട ഉയർത്തി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top