05 August Wednesday

അന്ധയുവതിയെയും സഹോദരിയെയും മർദിച്ചെന്ന്‌ പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
നെടുമങ്ങാട് 
ക്വാറന്റൈനിൽ താമസിക്കാൻ നൽകിയ വീടൊഴിയണമെന്ന്‌ ആവശ്യപ്പെട്ടതിന്‌ അന്ധയായ യുവതിയെയും സഹോദരിയെയും മർദിച്ചതായി പരാതി. നെടുമങ്ങാട് പുലിപ്പാറ ഗോകുലത്തില്‍  സുരേഷ്ചന്ദ്രന്റെ അന്ധയായ മകള്‍ അമൃത (23), അമൃതയുടെ സഹോദരി ഗോപിക (29) എന്നിവരാണ്‌ പരാതിക്കാർ. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
സുരേഷ് ചന്ദ്രന്റെ ഒഴിഞ്ഞുകിടന്നവീട്‌ ബന്ധുവായ സാവിത്രിയുടെ മകന്‌ ഹൗസ് ക്വാറന്റൈനില്‍ കഴിയാന്‍  നൽകിയിരുന്നു. പതിനാലു ദിവസം കഴിഞ്ഞിട്ടും വീട്‌ ഒഴിഞ്ഞില്ലെന്നും സാവിത്രിയും ബന്ധുവായ ഗീതയും കൂടി അവിടെ താമസം തുടങ്ങിയെന്നും പരാതിയിൽ പറയുന്നു. ഇവരോട്‌ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടപ്പോൾ സുരേഷ്‌ ചന്ദ്രനും കുടുംബത്തിനുമെതിരെ നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കി.
പരാതി വ്യാജമാണെന്നും ഇവരുടെ താമസം നിയമവിരുദ്ധമാണെന്നും മനസ്സിലാക്കിയ നെടുമങ്ങാട് സി ഐ ഇവരെ വീട്ടില്‍നിന്ന്‌ ഒഴിപ്പിക്കുകയും വീടുപൂട്ടി താക്കോൽ സുരേഷ് ചന്ദ്രന് കൈമാറുകയും ചെയ്തു. എന്നാൽ രാത്രി വീണ്ടും വിഷ്ണുവും സാവിത്രിയും ഗീതയുമെത്തി വീടിന്റെ പൂട്ടുപൊളിച്ചുകയറി താമസമാക്കി.
 
രാവിലെ വിവരമറിഞ്ഞ് സുരേഷ് ചന്ദ്രനും കുടുംബവും എത്തിയപ്പോൾ ഇവര്‍ വീട് അകത്തുനിന്നും പൂട്ടി. ഇതോടെ സുരേഷ് ചന്ദ്രനും ഭാര്യയും പൊലീസില്‍ പരാതി നല്‍കാന്‍ പോയി. 
ഈ സമയത്താണ്‌ അമൃതയെയും ഗോപികയെയും മർദിച്ചതെന്നും പരാതിയിൽ പറയുന്നു.  നിലത്ത് തള്ളിയിട്ട് ചവിട്ടുകയും മരക്കമ്പുകൊണ്ട് അടിക്കുകയും ചെയ്‌തുവെന്നുമാണ്‌ പരാതി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top