28 May Thursday

മിന്നൽ പരിശോധനയിൽ കുടുങ്ങി ‘മീനുകൾ’

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

1) ചെറുന്നിയൂരിൽ പഴകിയ മീൻ പിടിച്ചെടുത്ത്‌ കുഴിച്ചിടുന്നു 2)അമരവിള ചെക്‌പോസ്‌റ്റിൽ പിടികൂടിയ പഴകിയമീൻ

തിരുവനന്തപുരം
ഭക്ഷ്യയോഗ്യമല്ലാത്ത മീനുകൾ വിൽപ്പനയ്‌ക്കെത്തിക്കുന്നത്‌ കണ്ടെത്താനായി തുടങ്ങിയ ഓപ്പറേഷൻ സാഗർ റാണിയിൽ ഇന്നും നിരവധിപേർ കുടുങ്ങി. 
 
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭഷ്യസുരക്ഷാവകുപ്പ്‌ ഉപയോഗശൂന്യമായ 17,018 കിലോ മീൻ പിടികൂടി നശിപ്പിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. 221 കേന്ദ്രത്തിലാണ്‌ പരിശോധന നടത്തിയത്‌. ഇതുവരെ 35,524 കിലോ മീൻ പിടികൂടി. ചൊവ്വാഴ്‌ച 12 സ്ഥാപനത്തിനു നോട്ടീസ് നൽകി. ആര്യങ്കാവ് ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്നും കുരീപ്പുഴ ബൈപാസിൽനിന്നും 10,480 കിലോ പിടികൂടി. 
ജില്ലയിൽ- 14 കേന്ദ്രത്തിൽ ചൊവ്വാഴ്‌ച പരിശോധന നടത്തി.
 

കായൽ മീനിലും കുഴപ്പക്കാർ

ആറ്റിങ്ങൽ
വില്പനയ്ക്കായി കൊണ്ടുപോയ കായൽ മത്സ്യങ്ങളിലും ഭക്ഷ്യയോഗ്യമല്ലാത്തവ കണ്ടെത്തി. ആറ്റിങ്ങലിൽ സിഐ വി വി ദിപിൻ, എസ്ഐ സനൂജ് എന്നിവരുടെ നേതൃത്വത്തിൽ ഇവ പിടിച്ചെടുത്തു. കൊല്ലം പരവൂരിൽനിന്ന് ആക്കുളത്തേക്ക്‌ പിക്അപ്‌ വാനിൽ കൊണ്ടുവന്ന കണമ്പാണ്‌ പിടിച്ചെടുത്തത്‌. നെയ്മീൻ, പൂമീൻ എന്നിവയിലും പ്രശ്‌നം കണ്ടെത്തി. നഗരസഭാധികൃതരെത്തി നടത്തിയ പരിശോധനയിൽ ഇവ ഭക്ഷ്യയോഗ്യമല്ലെന്ന്‌ കണ്ടെത്തി. ഡ്രൈവറെയും സഹായിയെയും അറസ്റ്റ്ചെയ്ത് ജാമ്യത്തിൽ വിട്ടു. വാഹനം കസ്റ്റഡിയിലെടുത്തു.
ചെക്ക് പോസ്റ്റിൽ 
 

പിടികൂടിയത്‌ നാല്‌ ടൺ

പാറശാല -
അമരവിള ചെക്ക്പോസ്റ്റിൽ മാസങ്ങൾ പഴക്കമുള്ള നാല്‌ ടൺ മത്സ്യം പിടികൂടി. ലോറി ഡ്രൈവർ രാമനാഥപുരം കടലുണ്ടി സ്വദേശി അദീശ്വരനെ(39) കസ്റ്റഡിയിലെടുത്തു. തൂത്തുക്കുടിയിൽനിന്ന്‌ എറണാകുളം ചമ്പക്കര മാർക്കറ്റിലേക്ക് കൊണ്ടുവന്ന രാസവസ്തുക്കൾ കലർത്തിയ കട്ടമത്സ്യമാണ് പിടിച്ചത്. മാവ്പോലെ മീനുകൾ അടർന്ന് വീഴുന്ന നിലയിലായിരുന്നു.  
 

കട്ടിങ്‌ മാർക്കറ്റിൽ പുഴുവരിച്ച മീൻ

വർക്കല 
ചെറുന്നിയൂർ പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ കച്ചവടത്തിനായി എത്തിച്ച പുഴുവരിച്ച  മത്സ്യം പിടിച്ചെടുത്തു. പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും പൊലീസും ചേർന്ന്‌ നടത്തിയ മിന്നൽ പരിശോധനയിൽ കട്ടിങ്‌ മാർക്കറ്റിൽനിന്ന്‌ 100 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.

 

പ്രധാന വാർത്തകൾ
 Top