28 May Thursday

സ്വയമ്പൻ ഉണ് റെഡി 20 രൂപ

സ്വന്തം ലേഖകൻUpdated: Wednesday Apr 8, 2020

നഗരസഭ ആരംഭിച്ച ജനകീയ ഹോട്ടൽ ആദ്യ പാഴ്സൽ എടുത്തുകൊടുത്ത്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

തിരുവനന്തപുരം 
നല്ല ചൂട്‌ ചോറും സാമ്പാറും. കൂട്ടിന്‌ തോരനും ഓലനും മാങ്ങാ അച്ചാറും. വെറും 20 രൂപയ്‌ക്കാണ്‌ ഈ ഉഗ്രൻ ഊണ്‌. കുറഞ്ഞ വിലയ്ക്ക് ഉച്ചയൂണ് നൽകുന്ന ജനകീയ ഹോട്ടൽ തലസ്ഥാന നഗരത്തിലും പ്രവർത്തനമാരംഭിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ഓവർ ബ്രിഡ്ജിന് സമീപമുള്ള നഗരസഭയുടെ ഗോൾഡൻ ജൂബിലി കെട്ടിടത്തിലാണ്‌ ഹോട്ടൽ. 
 
25 രൂപയ്ക്ക് ഊണ് പാഴ്‌സലായി വീടുകളിലെത്തും. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കുടുംബശ്രീ ജീവനക്കാർക്ക് പുറമേ നഗരസഭയുടെ വളന്റിയർമാരും ഭക്ഷണം വീട്ടിലെത്തിക്കാൻ സഹായിക്കും. സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഹോട്ടൽ ആരംഭിച്ചത്. ഭക്ഷണം വീട്ടിലേക്ക്‌ ആവശ്യമുള്ളവർ തലേ ദിവസം രാത്രി 8ന്‌ മുമ്പ്‌ വിളിച്ച്‌ ഉറപ്പാക്കണം. വിതരണ സൗകര്യത്തിനാണിത്. ഭക്ഷണം ഓർഡർ ചെയ്യാനുള്ള നമ്പർ–- 7034001843, 7012285498, 6235740810, 9061917457, 7012827903, 8129016079, 8921663462.
ആദ്യ ദിനം 1000 ഊണ്‌ നൽകി. അടുത്ത ദിവസം മുതൽ മൂന്നു നേരവും കുറഞ്ഞ വിലയിൽ ഭക്ഷണം നൽകാനാണ് ആലോചനയെന്ന് മേയർ കെ ശ്രീകുമാർ പറഞ്ഞു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, പാളയം രാജൻ, വഞ്ചിയൂർ പി ബാബു, എസ്‌ പുഷ്‌പലത, എസ്‌ എസ്‌ സിന്ധു, കുടുംബശ്രീ ജില്ലാ മിഷൻ ഡയറക്ടർ ഡോ. കെ ആർ ഷൈജു, ഷാനി നിജാം എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top