തിരുവനന്തപുരം
അമ്പൂരിക്കാരുടെ സ്വപ്നമായ കുമ്പിച്ചൽക്കടവ് പാലത്തിന്റെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. കരിപ്പയാറിന് കുറുകെ നിർമിക്കുന്ന പാലത്തിന് കിഫ്ബിയിൽനിന്ന് 19 കോടിരൂപയുടെ സഹായം ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ പൈലിങ് പുരോഗമിക്കുകയാണ്.
കരിപ്പയാറിന്റെ മറുകരയിൽ നെയ്യാർഡാം റിസർവോയറിന്റെ തുരുത്തിൽ പതിനൊന്നോളം ആദിവാസി ഊരുകളിൽ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ഏറെക്കാലത്തെ ആവശ്യമാണ് കുമ്പിച്ചൽക്കടവിലെ പാലം. നിലവിൽ കടത്തുവള്ളമാണ് സ്കൂൾ കുട്ടികൾ അടക്കമുള്ള പ്രദേശവാസികളുടെ ആശ്രയം. 36.25 മീറ്റർ വീതം അകലത്തിലുള്ള ഏഴ് സ്പാനുകളിലായി 253.4 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. ഇതിൽ രണ്ട് സ്പാനുകൾ കരയിലും അഞ്ചെണ്ണം ജലാശയത്തിലുമാണ്.
ഡയറക്ട് മഡ് സർക്കുലേഷൻ (ഡിഎംസി) എന്ന പൈലിങ് രീതിയാണ് ഉപയോഗിക്കുന്നത്. 15 മീറ്ററിലധികം ആഴത്തിൽ വെള്ളമുള്ളതിനാൽ ഫ്ളോട്ടിങ് ബാർജിന്റെ സഹായത്തോടെയാണ് ജലാശയത്തിനുള്ളിലെ പൈലിങ്.
പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന് പുറമേ ഇരുവശങ്ങളിലും കടവിലേക്ക് ഇറങ്ങുന്നതിനായി നാല് മീറ്റർ വീതിയിൽ സർവീസ് റോഡും നിർമിക്കുമെന്ന് സി കെ ഹരീന്ദ്രൻ എംഎൽഎ പറഞ്ഞു. 11 മീറ്റർ വീതിയുള്ള പാലത്തിൽ എട്ട് മീറ്റർ വീതിയിൽ റോഡും ഇരു വശത്തും ഫുട്പാത്തും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ മാസത്തോടെ പൈലിങ് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..