20 September Friday

അക്ഷദിന്റെ മധുബാനി കഹാനി

സ്വന്തം ലേഖകൻUpdated: Wednesday Aug 7, 2019

മധുബാനി ചിത്രങ്ങളുമായി അക്ഷദ്‌

തിരുവനന്തപുരം
‘മധുബാനി’യുടെ നിറമധുരം കേരളത്തിന്‌ പകർന്ന്‌  അക്ഷദ്‌. ബിഹാറിന്റെ സ്വന്തമായ മധുബാനി ചിത്രകലയുടെ സൗന്ദര്യം അക്ഷദിന്റെ ബ്രഷിലൂടെ തെളിയുമ്പോൾ ആ വരകളിലുണ്ട്‌ കേരളത്തിനോടുള്ള ‘ബഹുത്‌’ ഇഷ്ടം.  
 
ബിഹാറിലെ മധുബാനി ജില്ലക്കാരാണ്‌ അക്ഷദിന്റെ അച്ഛൻ ശ്രീകാന്തും അമ്മ സവിതയും. 30 വർഷം മുമ്പാണ്‌ ഇവരുടെ കുടുംബം കേരളത്തിൽ എത്തിയത്‌.  പരമ്പരാഗതമായി കൈമാറിക്കിട്ടിയ ‘മധുബാനി’യുടെ നിറക്കൂട്ടുകളുമായിട്ടായിരുന്നു  വരവ്‌. ആദ്യ കൺമണിയായി അക്ഷദും എത്തിയപ്പോൾ   കൂടുതൽ കളർഫുള്ളായി. 
 
കുഞ്ഞുനാൾമുതൽ നിറങ്ങളും ബ്രഷുമായി അവന്റെ കളിപ്പാട്ടങ്ങൾ. അമ്മൂമ്മ ഇഞ്ചില ദേവിയും അമ്മ സവിതയും ഉൾപ്പെടെയുള്ളവർ ‘മധുബാനി’യുടെ അറിവുകൾ  പകർന്നു.  ആദ്യം പഠിച്ചത്‌ ചിത്രം വരയ്‌ക്കാനുള്ള പേപ്പറുണ്ടാക്കാൻ. പിന്നെ ചായക്കൂട്ടുകൾ ഒരുക്കാൻ. ഇതിനിടയിൽ മനസ്സിൽ തോന്നുന്നതെല്ലാം വരച്ചു. വീട്ടിൽ സംസാരിക്കുന്നത്‌ ‘മേത്തിലി’ ഭാഷയാണെങ്കിലും മലയാളത്തെയും സ്വന്തമാക്കി ഈ മിടുക്കൻ.യ അക്ഷദും കുടുംബവും ഇപ്പോൾ ബിഹാറിൽ അവധിക്കാലങ്ങളിലെ ‘അതിഥി’യാണ്‌.  വരയ്‌ക്കാൻ ഉപയോഗിക്കുന്ന പേപ്പർമുതൽ നിറങ്ങൾവരെ പ്രകൃതിയോട്‌ ഇണങ്ങിയതാണ്‌ എന്നതാണ്‌ മധുബാലിയുടെ മുഖ്യസവിശേഷത. വർക്കലയിലാണ്‌ ഇവരുടെ താമസം.
 
പ്രസ്‌ക്ലബ്‌ റോഡിലെ എസ്‌എംഎസ്‌എം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടക്കുന്ന കൈത്തറി കരകൗശലവിപണനമേളയിൽ മധുബാനി ചിത്രങ്ങൾ മാത്രമല്ല മനംകവരുന്നത്‌.  ഒഡിഷ, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്‌, ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാരും തങ്ങളുടെ പരമ്പരാഗതമായ കരകൗശലവസ്‌തുക്കളും തുണിത്തരങ്ങളും സർഗസൃഷ്ടികളുമായി മേളയിലുണ്ട്‌. കേരളത്തിൽനിന്നുള്ള പത്തുപേരും തനത്‌ ഉൽപ്പന്നങ്ങളുമായി മേളയിലുണ്ട്‌. സെപ്‌തംബർ ഒമ്പത്‌ വരെയാണ്‌ മേള.  
 
 
പ്രധാന വാർത്തകൾ
 Top