24 August Saturday

ഇത്‌ നന്മയുടെ ‘കാർത്തികവെളിച്ചം’

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

സ‌്കോളർഷിപ്പ‌് വിതരണോദ‌്ഘാടനം വി എസ‌് അച്യുതാനന്ദൻ നിർവഹിക്കുന്നു

തിരുവനന്തപുരം
ചേച്ചിമാർക്ക‌് പഠിച്ച‌് മുന്നേറാൻ അനുജത്തിമാരുടെ കാർത്തികവെളിച്ചം. മണക്കാട‌് കാർത്തികതിരുനാൾ ഗവ. ഗേൾസ‌് എച്ച‌്എസ‌്എസിലെ കാർത്തിക സ‌്കോളർഷിപ്പാണ‌് നന്മയുടെയും കരുതലിന്റെയും പുതുപാഠമാകുന്നത‌്. മുതിർന്ന ക്ലാസിലെ വിദ്യാർഥികളുടെ  ഉപരിപഠനത്തിന‌് സഹായിക്കാൻ ആവിഷ‌്കരിച്ചതാണ‌് കാർത്തിക സ‌്കോളർഷിപ്പ‌്. 
ചെറിയക്ലാസിലെ കുട്ടികളാണ‌് കാർത്തികയുടെ നടത്തിപ്പുകാരും നിക്ഷേപകരും. ഒരോക്ലാസിലും ഒരു പണക്കുടുക്കയുണ്ടാകും. ഇതിലിടുന്ന ഒരോ നാണയത്തുട്ടുകളും മാസാവസാനം ബാങ്കിലിടും. ഈ തുകയാണ‌് കാർത്തിക സ‌്കോളർഷിപ്പായി മറുന്നത‌്. നാല‌് വർഷം മുമ്പ‌് ഹയർസെക്കൻഡറി ബാച്ചിലെ വിദ്യാർഥികളാണ‌് പദ്ധതി ആരംഭിച്ചത‌്. 
പ്ലസ‌്ടു വിജയിച്ച‌് തുടർപഠനത്തിന‌് കൂട്ടുകാരിൽ ഒരാൾ സാമ്പത്തികമായി പ്രയാസം നേരിടുന്നത‌് മനസ്സിലാക്കിയായിരുന്നു തുടക്കം. പിന്നീട‌് ഹൈസ‌്കൂൾ, യുപി വിദ്യാർഥികളും പദ്ധതി ആവേശത്തോടെ ഏറ്റെടുത്തു. പഠനമികവും സാമ്പത്തികസ്ഥിതിയും പരിശോധിച്ചാണ‌് അർഹരായവരെ തെരഞ്ഞെടുക്കുക. വിവിധ വിഭാഗങ്ങളിലായി 10000, 5000, 2000 എന്നിങ്ങനെയാണ‌് സ‌്കോളർഷിപ്പ‌് തുക.
 
നാല‌് വർഷമായി പദ്ധതി വിജയകരമായി നടത്തുകയാണ‌് കാർത്തിക തിരുനാൾ സ‌്കൂളിലെ മിടുക്കികൾ. 2019 ലെ സ‌്കോളർഷിപ്പ‌് വിതരണോദ‌്ഘാടനം ഭരണപരിഷ‌്കാര കമീഷൻ അധ്യക്ഷൻ വി എസ‌് അച്യുതാനന്ദൻ നിർവഹിച്ചു. കൗൺസിലർ ആർ മിനി അധ്യക്ഷയായി. പ്രിൻസിപ്പൽ എസ‌് അജിത‌്കുമാർ, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ജോട്ടില ജോയ‌്സ‌്, പിടിഎ പ്രസിഡന്റ‌് എം മണിക‌ണ‌്ഠൻ, ഹെഡ‌്മിസ‌്ട്രസ‌് യമുന ദേവി, മിഖ‌്ദാദ‌്, ജിജോ എന്നിവർ സംസാരിച്ചു.  12 വിദ്യാർഥികൾക്കായി 84000 രൂപയാണ‌് സ‌്കോളർഷിപ്പായി വിതരണം ചെയ‌്തത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top