19 September Thursday
ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌

നൈജീരിയൻ സ്വദേശി ബംഗളൂരുവിൽ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019
തിരുവനന്തപുരം
ജോലി വാഗ്ദാനംചെയ്ത്  പണം തട്ടിയ  നൈജീരിയൻ സംഘത്തിലെ  പ്രധാനി പിടിയിൽ.  നൈജീരിയൻ  സ്വദേശി കിംഗ്സിലി ചിഡിബെറി ഉദെ(37)യെയാണ്‌  തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്. ഇയാൾ മലയാളികളടക്കം നിരവധി പേരിൽനിന്ന്‌ ജോലിവാഗ്ദാനം ചെയ്ത് വൻതുക തട്ടിയെടുത്തിരുന്നു.  തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ  ഇയാളെ റിമാൻഡ്‌ ചെയ്‌തു. 
 
 തിരുവനന്തപുരം സ്വദേശിയായ റിട്ട. എൻജിനിയർക്ക്‌ അമേരിക്കയിലെ സീനിയർ ഇലക്ട്രിക്കൽ എൻജിനിയർ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. നിയമനത്തിനുള്ള ഓർഡർ, വർക്ക്‌ പെർമിറ്റ്‌, ഇൻഷുറൻസ്‌ തുടങ്ങിയവ വ്യാജമായി തയ്യാറാക്കി അയച്ചുകൊടുത്ത് പലപ്പോഴായി ആറു ലക്ഷംരൂപ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌  അയപ്പിച്ചായിരുന്നു തട്ടിപ്പ്‌. 
 
ഭീമമായ തുക ആവശ്യപ്പെടുന്നതിൽ സംശയം തോന്നി പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. തുടർന്ന്‌ സൈബർ ക്രൈം പൊലീസ് അന്വേഷണം നടത്തി.   
 
ഇൻസ്‌പെക്ടർ റോജ,  സിവിൽ പൊലീസ് ഓഫീസർമാരായ അഭിലാഷ്, ശബരീനാഥ്, സമീർഖാൻ എന്നിവർ  ചേർന്ന്‌ നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് നൈജീരിയൻ സ്വദേശിയായ  ഉദെയെ അറസ്റ്റ് ചെയ്‌തത്‌. പ്രതിയിൽനിന്ന്‌ നിരവധി സിം കാർഡ്‌, എടിഎം കാർഡ്‌, ലാപ്‌ടോപ്, ബാങ്ക്‌  പാസ്‌ബുക്ക്‌ എന്നിവ കണ്ടെത്തി. കേസിൽ  വേറെയും പ്രതികളുള്ളതായി പൊലീസ്‌ സംശയിക്കുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top