20 September Friday

ബോട്ടുകളെത്തി, വലയിലാവുന്നത്‌ ചെറുമീനുകൾ

സ്വന്തം ലേഖകൻUpdated: Monday Aug 5, 2019
 
ബേപ്പൂർ (േകാഴിക്കോട്‌)
ട്രോളിങ് നിരോധനത്തിനു ശേഷം കടലിലിറങ്ങിയ ബോട്ടുകൾക്ക്  കിട്ടുന്നത്‌ വില കുറഞ്ഞ മത്സ്യങ്ങൾ. വലവീശുന്ന ബോട്ടുകൾക്ക്‌ കിളിമീനും ചെമ്പാനും പോലുള്ള മത്സ്യങ്ങളാണ്‌ കൂടുതലും ലഭിക്കുന്നത്‌.  വിരലിലെണ്ണാവുന്ന വലിയ ബോട്ടുകളും എത്തിയെങ്കിലും ആർക്കും   പ്രതീക്ഷയ്‌ക്കൊത്ത് മത്സ്യം ലഭിച്ചിട്ടില്ല.
 
 കോഴിക്കോട്‌ആയിരത്തി ഇരുനൂറോളം ബോട്ടുകളും 250ഓളം  ഇൻബോർഡ് എൻജിൻ വള്ളങ്ങളുമാണ് നിരോധനം നീങ്ങി കടലിലിറങ്ങുന്നത്.   ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല ഉൾപ്പെടെ മലബാറിലെ എല്ലാ മത്സ്യബന്ധന കേന്ദ്രങ്ങളിലും സമാന സ്ഥിതിയാണ്. 
 
  ചെറുതും ഇടത്തരംവലുപ്പവുമുള്ള കിളിമീൻ, ചെമ്പാൻ, വെമ്പിളി തുടങ്ങിയ വില കുറഞ്ഞ മത്സ്യം മാത്രമാണ്‌ ലഭിക്കുന്നത്‌.  കുറഞ്ഞ തോതിൽ കൂന്തളും ഉണ്ടായിരുന്നു ചില ബോട്ടുകൾക്ക്.   
ഓരോ ഉടമയും ലക്ഷങ്ങൾ ചെലവിട്ട്  പുതുമോടിയിൽ ബോട്ടിറക്കി കാര്യമായ വരുമാനമില്ലാതായത് വൻ തിരിച്ചടിയാണ്. ഇന്ധനച്ചെലവുപോലും ഒത്തുവരാത്ത സ്ഥിതിയാണെന്ന് തൊഴിലാളികളും ബോട്ടുടമകളും പറയുന്നു. 
 
വരും ദിവസങ്ങളിലും ഇതേ നില തുടർന്നാൽ ഉടമകൾ കടക്കെണിയലാവും. ബോട്ടുകൾ കടലിലിറങ്ങുന്നതിനൊപ്പം അനുബന്ധ മേഖലയും സജ്ജമായെങ്കിലും മത്സ്യദൗർലഭ്യം ഈ മേഖലയേയും സാരമായി ബാധിക്കും. 
 
മൺസൂൺ കാലത്തെ നിരോധന ഇടവേളയ്ക്കു ശേഷം കടലിൽ മത്സ്യം ഗണ്യമായ തോതിൽ വർധിക്കുമെന്നാണ്  ശാസ്ത്രീയ പഠനം. പക്ഷേ ഇതിനനുസൃതമായ ഗുണം ബോട്ടുകൾക്ക് ആദ്യ നാളുകളിൽ ലഭിക്കാത്തത് മത്സ്യമേഖലയെ ആശങ്കപ്പെടുത്തുന്നുണ്ട്.
പ്രധാന വാർത്തകൾ
 Top