25 August Sunday

സ്വകാര്യ ഗോഡൗണിൽനിന്ന് റേഷൻ സാധനം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019
പാറശാല - 
അതിർത്തിയിലെ സ്വകാര്യ ഗോഡൗണിൽനിന്ന് റേഷൻ സാധനങ്ങൾ പിടികൂടി. ഊരമ്പിന് സമീപം കുഴിഞ്ഞാൻ വിളയിലെ സ്വകാര്യവ്യക്തിയുടെ ഗോഡൗണിൽനിന്നാണ‌് അനധികൃതമായി സൂക്ഷിച്ചിരുന്ന 168 ചാക്ക് റേഷൻ സാമഗ്രികളും മണ്ണെണ്ണയും പിടിച്ചെടുത്തത്. കുഴിഞ്ഞാൻവിള സ്വദേശി ബാബുവിന്റ  ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷൻ സാമഗ്രികൾ പിടികൂടിയത്. പരിശോധനയിൽ 168 ചാക്ക് പുഴുക്കലരി, 3 ചാക്ക് ഗോതമ്പ്, ഒരു ചാക്ക്പച്ചരി എന്നിവയാണ് പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ വീട്ടിൽനിന്ന‌് 120 ലിറ്റർ റേഷൻ മണ്ണെണ്ണയും പിടിച്ചെടുത്തു. തീരദേശ മേഖലകൾ കേന്ദ്രീകരിച്ചുള്ള റേഷൻ കടകളിൽനിന്ന് വ്യാപകമായി മണ്ണെണ്ണകൾ മോഷണം പോകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയതായിരുന്നു റെയ്ഡ്. റേഷൻ കടകളിൽനിന്നുൾപ്പെടെ ഏജന്റ‌് മുഖാന്തരം സ്വകാര്യവ്യക്തികളുടെ ഗോഡൗണിൽ എത്തുന്ന റേഷൻ ഉൽപ്പന്നങ്ങൾ പുതിയ ചാക്കുകളിലാക്കി വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്നതായാണ് നിഗമനം. ഇവിടെനിന്ന് തമിഴ്നാട് സപ്ലൈകോയുടെ ചാക്കുകൾക്കു പുറമേ വിവിധ ബ്രാൻഡുകളിലുള്ള ചാക്കുകളും ഇവ വിവിധ കളറുകൾ നൽകി വിൽപ്പന നടത്തുന്നതിനുള്ള യന്ത്രസാമഗ്രികളും റെയ്ഡിൽ കണ്ടെടുത്തു. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ നെയ്യാറ്റിൻകര സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റും. വരും നാളുകളിൽ കൂടുതൽ പരിശോധനകൾ കാര്യക്ഷമമായി നടത്തുമെന്നും പിടിച്ചെടുത്ത റേഷൻ ഉൽപ്പന്നങ്ങളുടെ സ്രോതസ്സ‌് എവിടെ നിന്നാണെന്ന് അന്വേഷിക്കുമെന്നും സപ്ലൈ ഓഫീസർ വി എം ജയകുമാർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top