28 May Thursday
സമൂഹ അടുക്കളയ്‌ക്കെതിരെ വ്യാജ ആരോപണം

യൂത്ത്‌ കോൺഗ്രസ്‌ നേതാവിനെ പൊലീസ്‌ താക്കീതുചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020
 
കിളിമാനൂർ
കിളിമാനൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മികച്ച നിലയിൽ മുന്നേറുന്ന സാമൂഹ്യ അടുക്കളയെ തകർക്കാൻ  രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള വ്യാജ ആരോപണവുമായി യൂത്ത് കോൺ​ഗ്രസ് നേതാവ്. യൂത്ത് കോൺ​ഗ്രസ് കിളിമാനൂർ മണ്ഡലം പ്രസിഡന്റ് അനൂപ് തോട്ടത്തിലാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ കിളിമാനൂർ പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയെ അപകീർത്തിപ്പെടുത്തുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടക്കത്തിൽ 140 പേർക്ക് കൊടുത്തിരുന്ന ഉച്ചഭക്ഷണം ഇപ്പോൾ 216 പേർക്കായി വർധിപ്പിച്ചിട്ടുണ്ട്.  കുടുംബശ്രീ യൂണിറ്റുകൾ, വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ, അധ്യാപക സംഘടനകൾ, വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവ സാമൂഹിക അടുക്കളയ്‌ക്കായി നിർലോഭം സഹായം ചെയ്തുവരികയുമാണ്. നിലവിൽ 15 ദിവസത്തേക്കുകൂടിയുള്ള  ഭക്ഷ്യഉൽപ്പന്നങ്ങളും സംഭരിച്ചിട്ടുണ്ട്‌. വിതരണത്തിനായി എല്ലാ വാർഡിലും യുവാക്കളായ സന്നദ്ധപ്രവർത്തകരുമുണ്ട്. 
വസ്തുത ഇതായിരിക്കെ യൂത്ത്കോൺ​ഗ്രസ് നേതാവ് ഫെയ്‌സ് ബുക്കിലൂടെ നട്ടാൽ കുരുക്കാത്ത നുണകളാണ് തട്ടിവിടുന്നത്. 
അടുക്കള നടത്താൻ പഞ്ചായത്തിന് സാമ്പത്തിക പ്രതിസന്ധിയെന്നും പൊതികളുടെ എണ്ണം പകുതിയായി കുറയ്‌ക്കാനാണ് നീക്കമെന്നും ഇതിനായി നിയമവിരുദ്ധമായി അവലോകനയോ​ഗം വിളിച്ചെന്നും  ഭക്ഷണ വിതരണത്തിന് വൃദ്ധരെയാണ് നിയോ​ഗിച്ചെന്നുമാണ്‌ ആരോപണം. കൂടാതെ സിപിഐ എം നിയന്ത്രണത്തിലുള്ള ബാങ്കിൽ 20 പൊതിച്ചോറ്‌ നൽകുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പച്ചക്കറി വ്യാപാരികളെ ഭീഷണിപ്പെടുത്തി പച്ചക്കറി വാങ്ങുന്നുവെന്നും ഇയാൾ പറയുന്നു.  പ്രഭാത ഭക്ഷണ വിതരണത്തിനായി യൂത്ത് കോൺ​ഗ്രസ് അണികൾക്ക് സ്വന്തം പേരുവച്ച് ബാഡ്ജ് അടിച്ചു വിതരണം ചെയ്ത വിരുതനാണ്‌ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നതാണ്‌ മറ്റൊരു തമാശ. 
കിളിമാനൂർ പൊലീസ് ഇയാളെ താക്കീതുചെയ്തു. യൂത്ത് കോൺ​ഗ്രസുകാർക്ക് സാമൂഹ്യ അടുക്കളയുടെ നിയന്ത്രണം കിട്ടാത്തതിലുള്ള വൈരാ​ഗ്യമാണ് വ്യാജ പ്രചാരണത്തിനു പിന്നിലെന്ന് പ്രസിഡന്റ് എസ് രാജലക്ഷ്മിയമ്മാൾ അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top