16 July Thursday

തിരുവനന്തപുരത്തിന് മൂന്നാം"മേയർ'

സ്വന്തം ലേഖികUpdated: Thursday Jun 4, 2020

ജൂനിയർ ബൈസിക്കിൾ മേയറായി തെരഞ്ഞെടുക്കപ്പെട്ട അപർണ പ്രഭാകറിനെ മേയർ കെ ശ്രീകുമാർ അഭിനന്ദിക്കുന്നു

തിരുവനന്തപുരം 
ബൈസിക്കിൾ മേയറായാൽ എന്താണ്‌ ചെയ്യുക? ആംസ്റ്റർഡാമിൽനിന്ന്‌ ഓൺലൈനിലെത്തിയ ചോദ്യങ്ങളിലൊന്നാണിത്‌. "സ്കൂളിലെ കൂട്ടുകാരെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കണം, അതിലൂടെ എല്ലാവർക്കും സൈക്കിളിനോടും സൈക്കിൾസവാരിയോടുമുള്ള ഇഷ്ടം കൂട്ടണം'–ലളിതമായിരുന്നു അപർണയുടെ ഉത്തരം. ഇങ്ങനെ കുറേയധികം ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകിയാണ്‌ അപർണ പ്രഭാകർ എന്ന പ്ലസ്ടു വിദ്യാർഥിനി കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും ജൂനിയർ ബൈസിക്കിൾ മേയറാകുന്നത്‌. 
 
ഫെബ്രുവരിയിൽ ആരംഭിച്ച സെലക്‌ഷൻ നടപടികൾക്കിടെ കോവിഡ്‌ വന്നതോടെ എല്ലാം ഓൺലൈനിലായി. സ്വയം പരിചയപ്പെടുത്തി, ആശയങ്ങൾ പങ്കുവയ്‌ക്കുന്ന വീഡിയോ ആദ്യം മൂല്യനിർണയത്തിനയച്ചു. പല ഘട്ടങ്ങളിലായി നടന്ന അഭിമുഖങ്ങളും ഓൺലൈനിലായിരുന്നു. 
 
ജൂനിയർ ബൈസിക്കിൾ മേയറെ പ്രഖ്യാപിച്ചപ്പോൾ അപർണയെ നഗരത്തിലെ മൂന്നാമത്തെ മേയർ എന്ന്‌ മേയർ കെ ശ്രീകുമാർ വിശേഷിപ്പിച്ചത്‌ വെറുതെയല്ല. തിരുവനന്തപുരത്തെ സീനിയർ ബൈസിക്കിൾ മേയർ പ്രകാശ്‌ പി ഗോപിനാഥാണ്‌. ഒമ്പതാംക്ലാസ്‌‌ മുതൽ സൈക്കിൾ ഓടിക്കുന്നുണ്ട്‌ അപർണ. സ്കൂളിലെ ഗ്രീൻ ആർമിയുമായി ബന്ധപ്പെട്ട്‌ നടത്തിയ സൈക്ലിങ്‌ ക്യാമ്പിൽ പങ്കെടുത്തതോടെയാണ്‌ സൈക്കിൾ ജീവിതത്തിന്റെ ഭാഗമാകുന്നത്‌.  
 
ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈക്സ്‌ (ബിവൈസിഎസ്‌) എന്ന എൻജിഒ ലോകത്ത്‌ സൈക്കിൾ ഉപയോഗം വർധിപ്പിക്കാൻ വികസിപ്പിച്ചെടുത്ത ആശയമാണ്‌ ബൈസിക്കിൾ മേയർ. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള സൈക്കിൾ പ്രേമികളാണ്‌ ഈ സംഘടനയിലുള്ളത്‌. 2030 ഓടെ ലോകജനസംഖ്യയുടെ 60ശതമാനവും യാത്രയ്ക്കായി സൈക്കിൾ തെരഞ്ഞെടുക്കണമെന്ന ലക്ഷ്യത്തോടെയാണ്‌ ബൈക്സ്‌ പ്രവർത്തിക്കുന്നത്‌. അതിൽ 12നും 16നും ഇടയിൽ പ്രായമുള്ളവരെയാണ്‌ ജൂനിയർ ബൈസിക്കിൾ മേയറായി തെരഞ്ഞെടുക്കുക. ഇവർക്ക്‌ ബൈസിക്കിൾ ബ്രിഗേഡുകളുടെ സ്ഥാനവും ലഭിക്കും. ഒരുവർഷമാണ്‌ കാലാവധി. തെരഞ്ഞെടുക്കപ്പെട്ട മറ്റ്‌ വിദ്യാർഥികളെ നഗരസഭയുടെ സൈക്കിൾ ബ്രിഗേഡിന്റെ അംബാസിഡർമാരായും പ്രഖ്യാപിച്ചു. തിരുമല വലിയവിള ആനന്ദസദനത്തിൽ പ്രഭാ അജാനൂരിന്റെയും ബി സി ശോഭനയുടെയും മകളാണ് അപർണ‌.
പ്രധാന വാർത്തകൾ
 Top