09 July Thursday
പെരുമാതുറ ഭാഗത്ത് ടൂറിസം പ്രോജക്ട്

മുതലപ്പൊഴി ഹാർബർ നാടിന്‌ സമർപ്പിച്ചു

സ്വന്തം ലേഖകൻUpdated: Thursday Jun 4, 2020

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ ഉദ്‌ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ നിർവഹിക്കുന്നു

ചിറയിൻകീഴ്
41 കോടി രൂപ ചെലവിട്ട്‌ നിർമിച്ച മുതലപ്പൊഴി ഹാർബർ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നാടിന്‌ സമർപ്പിച്ചു. പദ്ധതി നേരത്തേ പൂർത്തീകരിച്ചിരുന്നെങ്കിലും പൊഴിമുഖത്ത് മണ്ണടിഞ്ഞതിനാൽ വള്ളങ്ങൾക്ക്‌ കരയ്ക്കെത്താൻ സാധിക്കാത്തതിനാലാണ് ഉദ്ഘാടനം വൈകിയതെന്ന് മന്ത്രി പറഞ്ഞു. 
 
എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ സമയം തീരംമുഴുവനും കടലെടുത്തുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ അശാസ്ത്രീയ നിർമാണം മൂലം അടിത്തട്ടിൽ പാറകൾ വീണിരുന്നു. ഇവ മാറ്റാത്തതിനാൽ ഹാർബറിലേക്ക് വള്ളംകയറാനാകില്ലായിരുന്നു. പാറകൾ നീക്കാൻ ഗ്ലോബൽ ടെൻഡർ വിളിച്ചതിൽപോലും ആരും പങ്കെടുത്തില്ല. 
 
തുടർന്ന്‌ വിഴിഞ്ഞം പദ്ധതിക്കായി വാർഫിന്‌ സൗകര്യങ്ങൾ ഒരുക്കിത്തരണമെന്ന് ആവശ്യപ്പെട്ട്‌ സമീപിച്ച അദാനി ഗ്രൂപ്പാണ്‌ ഡ്രഡ്‌ജിങ് നടത്തിയത്‌. 20 കോടി രൂപ ചെലവിൽ താഴംപള്ളി മുതൽ കഠിനംകുളം വരെ പുലിമുട്ട്‌ തീർക്കാനും നടപടിയായി. പെരുമാതുറ ഭാഗത്ത് മൂന്ന് കോടി രൂപ ചെലവിൽ ടൂറിസം പ്രോജക്ട് നടപ്പാക്കാൻ അനുമതിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 
 
ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ മേൽനോട്ടത്തിലാണ്‌ നിർമാണം പൂർത്തിയാക്കിയത്‌. പ്രത്യേക ലേലഹാൾ, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം, അപ്രോച്ച് റോഡ്, പാർക്കിങ് ഏരിയ, ലോക്കർ മുറികൾ, ജലവിതരണ സംവിധാനം, വൈദ്യുതീകരണം എന്നിവയെല്ലാം പൂർത്തിയാക്കി. 
 
ഡെപ്യൂട്ടി സ്പീക്കർ വി ശശി അധ്യക്ഷനായി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആർ സുഭാഷ്, അഡ്വ.ഷൈലജാബീഗം, എസ് ഡീന, ഫെലിക്സ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം വി കനകദാസ്, സി പയസ്, ടി ടൈറ്റസ്, ആർ ജെറാൾഡ്, പുല്ലുവിള സ്റ്റാൻലി, ഇ കെന്നടി, ആർ ജെറാൾഡ്, നഹാസ്, സുക്കാർനോ, ബീന,  കൃഷ്ണൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു. 

 

പ്രധാന വാർത്തകൾ
 Top