27 May Wednesday

ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

കവലയൂർ മാടൻകാവിനു സമീപം രഹസ്യമായി എത്തിയ കണ്ടെയ്നറിൽനിന്ന് കടയ്ക്കാവൂർ പൊലീസ് പിടികൂടിയ ഫോർമാലിൻ തളിച്ച മത്സ്യം

ചിറയിൻകീഴ്
മണമ്പൂർ പഞ്ചായത്ത് പരിധിയിലെ കവലയൂർ മാടൻകാവിനു സമീപം രഹസ്യമായി എത്തിയ കണ്ടെയ്നറിൽനിന്ന് ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്തു.  വെള്ളിയാഴ്ചയാണ്‌ ആറുമാസം പഴക്കമുള്ള 800 പെട്ടി മത്സ്യം കർണാടകയിൽനിന്ന്‌ എത്തിയത്‌. കടയ്ക്കാവൂർ സിഐ ശ്രീകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്  കണ്ടെയ്നർ പിടിച്ചെടുത്തത്.  എന്നാൽ പൊലീസ് പിടികൂടുമ്പോൾ ലഭിച്ചത് വെറും 70 പെട്ടി മത്സ്യം മാത്രം. ബാക്കി 730 പെട്ടി  വിവിധ മാർക്കറ്റുകളിലേക്ക് എത്തിക്കഴിഞ്ഞു. ആലംകോട് മാർക്കറ്റിലെ സലീമിന് വേണ്ടിയാണ്‌ മത്സ്യം എത്തിച്ചതെന്ന് പിടിയിലായ കർണാടക സ്വദേശികൾ പറഞ്ഞു. ചൂരയും ചാളയുമാണ് പെട്ടികളിൽ ഉള്ളത്. ഇവയ്ക്ക്‌ ആറു മാസത്തിലധികം പഴക്കമുണ്ടെന്ന് ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു.  ലോക്ക് ഡൗൺ സമയത്ത് സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ മത്സ്യം എത്തിച്ച കർണാടക സ്വദേശികളായ ഫക്രുദീൻ, അസ്‌ലം എന്നിവരെ ഉടൻ  നിരീക്ഷത്തിലാക്കും. ഇവർക്കെതി  കേസ് എടുക്കുമെന്ന്‌ കടയ്ക്കാവൂർ പൊലീസ് പറഞ്ഞു. 
 
പരിശോധനയിൽ കടയ്ക്കാവൂർ എസ്‌ഐ വിനോദ് വിക്രമാദിത്യൻ, മാഹീൻ, മുകുന്ദൻ, എഎസ്ഐ മഹേഷ്, സിപിഒ ശ്രീകുമാർ, മണമ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ജയാദേവി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുധാമണി, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top