06 December Friday
അമ്മക്ക്‌ വീടും ജോലിയും നൽകും

പുറമ്പോക്കിലെ കുടിലിൽ അവരിനി വിശന്നിരിക്കേണ്ട; നാലുകുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

തിരുവനന്തപുരം> അക്ഷയ്‌യിനും സഹോദരങ്ങൾക്കും വിശപ്പടക്കാൻ ഇനി ആരെയും കാത്തിരിക്കേണ്ട.  കൈതമുക്കിലെ ഷെഡ്ഡിൽ പട്ടിണിയിൽ കഴിഞ്ഞ നാല്‌ കുട്ടികളെ സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു.മുഖ്യമന്ത്രി യുടെ ഓഫീസ്‌ ഇടപെട്ടതോടെ തിങ്കളാഴ്‌ച രാത്രി അമ്മയെയും ഇളയ കുട്ടികളെയും പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക്‌ മാറ്റി. ഒന്നേകാൽ വയസ്സും മൂന്നു മാസവും പ്രായമുള്ള രണ്ട്‌ ആൺകുട്ടികളെയാണ്‌ അമ്മയ്‌ക്കൊപ്പം മാറ്റിയത്‌. കുടുംബത്തിന്‌ വീടും അമ്മയ്ക്ക്‌ ജോലിയും നൽകുമെന്നും കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്നും കുടുംബത്തെസന്ദർശിച്ച മേയർ കെ ശ്രീകുമാർ ഉറപ്പുനൽകി. 

കൈതമുക്ക്‌ റെയിൽവേ പുറമ്പോക്കിൽ ഫ്ലക്സും തകരഷീറ്റുംകൊണ്ടുള്ള ഷെഡ്ഡിൽ കഴിയുന്ന യുവതിയുടെയും മക്കളുടെയും വിവരം പ്രദേശവാസികളാണ്‌ ശിശുക്ഷേമ സമിതിയുടെ തണൽ ഹെൽപ്പ്‌ ലൈനിൽ അറിയിച്ചത്‌. സ്ഥലത്തെത്തിയ ജീവനക്കാർ കണ്ടത്‌ ദുരിതപർവത്തിൽ കഴിയുന്ന അമ്മയെയും ആറു മക്കളെയും.

മുതിർന്ന കുട്ടിയായ അക്ഷയ്‌ ഏഴുവയസ്സുകാരൻ. ഇളയ ആൺകുഞ്ഞിന്‌ മൂന്നുമാസം. ‘നാല്‌ ദിവസമായി കുട്ടികൾ ഭക്ഷണം കഴിച്ചിട്ട്‌. മൂന്നു ദിവസമായി ചൂടുവെള്ളംമാത്രമാണ്‌ കൊടുത്തത്‌. കുഞ്ഞുങ്ങളെ  നന്നായി നോക്കണം’–- യുവതി കണ്ണീരോടെ പറഞ്ഞു.

മദ്യപാനിയായ ഭർത്താവ്‌ കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്നില്ലെന്ന്‌ യുവതി പറഞ്ഞു. ഇയാൾ കുട്ടികളെ ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ തണൽ പ്രവർത്തകരോട്‌ പറഞ്ഞു. ശിശുക്ഷേമ സമിതി പ്രവർത്തകർ കുഞ്ഞുങ്ങൾക്ക്‌ ഭക്ഷണവും അരി, വസ്ത്രം തുടങ്ങിയ അവശ്യവസ്തുക്കളും എത്തിച്ചു. കുട്ടികളെ ഏറ്റെടുക്കാനുള്ള സമ്മതപത്രം അമ്മയിൽനിന്ന്‌ എഴുതിവാങ്ങി.

അക്ഷയ്‌ (7), നീലകണ്ഠൻ (5), അമൃത (4), അക്ഷയ (3) എന്നിവരെ ഏറ്റെടുത്തു. ഒന്നേകാൽ വയസ്സും മൂന്നു മാസവും പ്രായമുള്ള ഇളയ രണ്ട്‌ ആൺകുട്ടികളുടെ പാൽകുടി മാറിയിട്ടില്ല. അവരെ അമ്മയ്‌ക്കൊപ്പം നിർത്തി. ഭക്ഷണവും പാൽപ്പൊടിയും വാങ്ങി ഏൽപ്പിച്ചു. ചൊവ്വാഴ്ച ഇവരെയും കുട്ടികളെയും വൈദ്യപരിശോധനയ്ക്ക്‌ വിധേയമാക്കും. കുഞ്ഞുങ്ങൾക്ക്‌ പ്രതിരോധ കുത്തിവയ്പ്‌ നൽകിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുമെന്ന്‌ ശിശുക്ഷേമ സമിതി അധ്യക്ഷൻ എസ്‌ പി ദീപക്‌ പറഞ്ഞു.

പ്രധാന വാർത്തകൾ
 Top