21 October Monday

മങ്കയത്തേക്ക്‌ കയറാം ഇന്നുമുതൽ

സ്വന്തം ലേഖകൻUpdated: Monday Sep 2, 2019
പാലോട് 
സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പെരിങ്ങമ്മല മങ്കയം ഇക്കോടൂറിസം വീണ്ടും തുറക്കുന്നു. പ്ലസ്‌ വൺ വിദ്യാർഥിയുടെ അപകടമരണത്തെ തുടർന്ന്‌ മാസങ്ങളായി അടച്ചിട്ട മങ്കയം ചൊവ്വാഴ്‌ച തുറക്കും. വനം വകുപ്പിനുകീഴിലുള്ള മങ്കയം ഇക്കോ ടൂറിസത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ലൈഫ്‌ഗാർഡുകളും അതീവ സുരക്ഷാക്രമീകരണങ്ങളും ഉടൻ സജ്ജമാക്കും. ഇതിനുള്ള നടപടിയായി. 
 
2018 ഒക്ടോബർ 19ന് കൊല്ലം കരുനാഗപ്പള്ളിയിലെ വിദ്യാർഥി മുങ്ങിമരിച്ചതിനെത്തുടർന്നാണ് മങ്കയം അടച്ചിട്ടത്. തുടർന്ന് പ്രദേശവാസികൾ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കിയശേഷം മാത്രമേ തുറക്കാവൂവെന്നും പ്രത്യേക പരിശീലനം ലഭിച്ച ലൈഫ്ഗാർഡുകളെ നിയമിക്കണമെന്നും ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. മങ്കയം വനസംരക്ഷണ സമിതിയെയും ഇടിഞ്ഞാർ വന സംരക്ഷണ സമിതിയെയും ഒരുമിപ്പിച്ച്‌ വാർഡ്തല വനസംരക്ഷണ സമിതിയായി പ്രഖ്യാപിക്കണമെന്നും ആവശ്യമുന്നയിച്ചു. 
 
 ഒന്നരമാസംമുമ്പ്‌ മന്ത്രിതല യോഗം ചേരുകയും രണ്ട് വനസംരക്ഷണ സമിതിയെയും ഒരുമിപ്പിക്കാനും തീരുമാനിച്ചു. ഇതോടെ മങ്കയം, ബ്രൈമൂർ, ഇടിഞ്ഞാർ പ്രദേശങ്ങളെ ഏകോപിപ്പിച്ച്‌ വാർഡ് തലത്തിൽ വന സംരക്ഷണ സമിതി രൂപീകരിച്ചു. മുന്നൂറ്റമ്പതിൽപ്പരം കുടുംബങ്ങൾക്കും ആദിവാസി വിഭാഗങ്ങൾക്കുമടക്കം തൊഴിൽ ലഭ്യമാകുന്ന ടൂറിസം പാക്കേജ് ഉടൻ യാഥാർഥ്യമാകും. 
 
മുമ്പ്‌ മങ്കയം വനസംരക്ഷണ സമിതിക്ക്‌ കീഴിലായിരുന്നു ഇക്കോ ടൂറിസം. അപ്പോൾ 30 കുടുംബങ്ങൾക്ക് മാത്രമായിരുന്നു തൊഴിലുണ്ടായിരുന്നത്. വാർഡ്തലസമിതി വന്നാൽ ധാരാളം പുതിയ പ്രോജക്ടുകൾ നടപ്പാവുകയും മുമ്പത്തെക്കാൾ ഏറെപ്പേർക്ക്‌ തൊഴിൽ ലഭിക്കുകയും ചെയ്യും. 
ക്യാന്റീൻ, പാർക്കിങ്‌ ഏരിയ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളും ഉടൻ  സജ്ജമാക്കും. ഡി കെ മുരളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ മധു, പെരിങ്ങമ്മല പഞ്ചായത്ത് ഭരണസമിതി, സിപിഐ എം നേതൃത്വം തുടങ്ങിയവരുടെ നിരന്തര ഇടപെടലുകളിലൂടെയാണ് പുതിയ പാക്കേജുകളോടു കൂടി മങ്കയം ഇക്കോ ടൂറിസം തുറക്കാൻ തീരുമാനിച്ചത്‌.  
 
ഇതിനിടെ വാർഡ്തല വനസംരക്ഷണ സമിതിക്കെതിരെ വ്യാജപ്രചാരണവുമായി കോൺഗ്രസ്‌ രംഗത്തുവന്നിട്ടുണ്ട്‌. മുമ്പുണ്ടായിരുന്നവർക്കും തൊഴിൽ നഷ്ടപ്പെടുമെന്ന്‌ പ്രചരിപ്പിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മങ്കയം വനസംരക്ഷണ സമിതിയുടെ ശ്രമം. നിരവധി കുടുംബങ്ങൾക്ക് ലഭിക്കുന്ന തൊഴിൽസാധ്യത ഇല്ലാതാക്കാനും മലയോര മേഖലയിലെ വിനോദസഞ്ചാരസാധ്യതയ്‌ക്ക്‌ തുരങ്കം വയ്ക്കാനുമാണ് കോൺഗ്രസിന്റെ നീക്കം.
പ്രധാന വാർത്തകൾ
 Top