16 July Thursday

കുറയാതെ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
തിരുവനന്തപുരം 
ജില്ലയിൽ നാലുപേർക്ക്‌ ഞായറാഴ്‌ച കോവിഡ്‌ 19 സ്ഥിരീകരിച്ചു. കാട്ടാക്കട സ്വദേശികളായ രണ്ട്‌ സ്‌ത്രീകൾക്കും കരവാരം ആലങ്കോട്‌ സ്വദേശിക്കും ആനാട്‌ സ്വദേശിക്കുമാണ്‌ രോഗം. 54 വയസ്സുള്ള കാട്ടാക്കട സ്വദേശിനി  മെയ്‌ 27ന്‌ കുവൈത്തിൽനിന്ന്‌ നെടുമ്പാശേരി വഴിയെത്തിയ ആളാണ്‌. 40 വയസ്സുള്ള സ്‌ത്രീ 28ന്‌ ആണ്‌ കുവൈത്തിൽനിന്ന്‌ എത്തിയത്‌. ആലങ്കോട്‌ സ്വദേശി(42) കുവൈത്തിൽനിന്ന് 30 ന് എത്തി. ആനാട്‌ സ്വദേശി (33) പെയിന്റിങ് തൊഴിലാളിയാണ്‌. 
ഇയാൾ മെയ്‌ 28ന്‌ മൂന്ന് സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടയിൽ അമിതമായി ഛർദിച്ച്‌ അവശ നിലയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇയാൾ 27ന്‌ തമിഴ്‌നാട്ടിൽ പോയിരുന്നു.  പ്രാഥമിക പരിശോധനയിൽ രോഗസാധ്യത തോന്നിയതിനാൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രോഗമുണ്ടായത് എങ്ങനെയെന്ന് സ്ഥിരീകരിക്കാനും സമ്പർക്കമുണ്ടായവരെ  കണ്ടെത്താനുമുള്ള നടപടികൾ ആരംഭിച്ചു. പുതുതായി 687 പേർ രോഗനിരീക്ഷണത്തിലായി. 278 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലയളവ്‌  പൂർത്തിയാക്കി. 
 
11091 പേരാണ്‌ ആകെ നിരീക്ഷണത്തിലുള്ളത്‌.  9505 വീടുകളിലും 112 പേർ ആശുപത്രികളിലും 61 കരുതൽ കേന്ദ്രങ്ങളിലായി 1474 പേരുമാണുള്ളത്‌. ആശുപത്രികളിൽ 17 പേരെ പുതുതായി പ്രവേശിപ്പിച്ചു. 
17 പേരെ ഡിസ്‌ചാർജ്‌ ചെയ്തു. ഞായറാഴ്‌ച ലഭിച്ച  120 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്‌. 142 സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. അതിർത്തിയിൽ 1880 വാഹനങ്ങളിലായി -3451 പേരെ പരിശോധിച്ചു. 
ഇഞ്ചിവിള വഴി 90 പേർ
 
ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഞായറാഴ്‌ച  90 പേർ സംസ്ഥാനത്തെത്തി. 57 പുരുഷന്മാരും 33 സ്ത്രീകളും. 
തമിഴ്നാട്ടിൽനിന്ന്  87 പേരും കർണാടകയിൽനിന്ന് രണ്ട്‌ പേരും ആന്ധ്രാപ്രദേശിൽനിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോണിലുള്ള 17 പേരിൽ 16 പേരെ വീട്ടിൽ നിരീക്ഷണത്തിനയച്ചു. ഒരാളെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റി.
സമ്പൂർണ ലോക്‌ഡൗൺ: 
93 പേർക്കെതിരെ 
കേസ് 
സമ്പൂർണ ലോക്‌ഡൗൺ ദിനമായ ഞായറാഴ്‌ച വിലക്ക്‌ ലംഘിച്ച 93 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020 പ്രകാരം കേസെടുത്തു. മാസ്‌ക്‌ ധരിക്കാത്ത 213 പേർക്കെതിരെയും കേസ്‌ എടുത്തു. കൂടുതൽ കേസുള്ളത്‌ തമ്പാനൂർ, പൂജപ്പുര പൊലീസ് സ്റ്റേഷനുകളിലാണ്. അനാവശ്യയാത്ര നടത്തിയ 60 വാഹനവും പിടിച്ചെടുത്തു. 44 ഇരുചക്രവാഹനവും അഞ്ച്‌ ഓട്ടോയും 11 കാറുമാണ്‌ പിടിച്ചത്‌. വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നും തലസ്ഥാനത്തെത്തി ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ നിരീക്ഷണം പൊലീസ് ശക്തമായി തുടരുന്നതായും സിറ്റി പൊലീസ്‌ കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top