20 February Wednesday

ആർഎസ്എസ് വെട്ടിമാറ്റാൻ ശ്രമിച്ച കൈകൾ രക്ഷിച്ചത് 350 ജീവൻ

സുരേഷ‌് ‌‌വെട്ടുകാട്ട‌്Updated: Tuesday Aug 28, 2018

കരുനാഗപ്പള്ളി >  ആർഎസ്എസ് സംഘം കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മത്സ്യത്തൊഴിലാളി യുവാവ് ഉൾപ്പെട്ട സംഘം പ്രളയദുരന്തത്തിൽനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് 350  പേരുടെ ജീവൻ. പ്രളയത്തിലേക്ക് ആഴ‌്ന്നുപോയവരെ രക്ഷിച്ചെടുത്ത കൈകളാണ് ആർഎസ്എസ് ക്രിമിനൽ സംഘം വെട്ടിമാറ്റാൻ ശ്രമിച്ചത്. ആലപ്പാട്  കാക്കത്തുരുത്ത് തൈമുട്ടിൽ ചിന്തു പ്രദീപിനെ തിരുവോണ ദിവസമാണ് ആലുംകടവ് ചാലിൽതെക്കേ ജങ‌്ഷന‌് സമീപം  വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സുഹൃത്തിനൊപ്പം ആലുംകടവിലേക്കു വന്ന ചിന്തുവിനെ ആർഎസ്എസ് ആക്രമിസംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. മുൻകൂട്ടി കരുതിയ ആയുധങ്ങളുമായി സംഘം ചേർന്നായിരുന്നു ആക്രമണം.അക്രമി സംഘത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരുന്നുവെന്നതും സംഭവത്തിനു പിന്നിലെ ആസൂത്രണത്തിന്റെ  തെളിവാണ്.

കഴുത്തിന് വടിവാൾകൊണ്ട് വെട്ടിയത് ചിന്തു കൈകൊണ്ട് തടയുകയായിരുന്നു. വലതുകയ്യിലെ നടുവിരലും, മോതിരവിരലുമുൾപ്പടെ അറ്റുതൂങ്ങി. വീണ്ടും വടിവാൾകൊണ്ട് വെട്ടിയതോടെ ഇടതു കൈക്കുഴയ്ക്കും വെട്ടേറ്റു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചിന്തുവിനെ അടിയന്തര ശസ്ത്രക്രിയക്ക‌് വിധേയമാക്കി. തീവ്രപരിചരണ വിഭാഗത്തിലാണ്.

 പ്രളയദുരന്ത വാർത്തയറിഞ്ഞ് ആലപ്പാട് കാക്കത്തുരുത്തിൽനിന്ന് ചിന്തു ഉൾപ്പടെ പതിനൊന്ന് പേരടങ്ങുന്ന സംഘമാണ് വള്ളവുമായി ദുരന്തമേഖലയിലേക്ക് കുതിച്ചത്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സൗത്ത്, വെൺമണി  പ്രദേശങ്ങളിൽ അഞ്ചുദിവസക്കാലം ഇവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിലായിരുന്നു. ഇതിൽ നാലുദിവസവും വെൺമണി പ്രദേശത്തായിരുന്നു. മറ്റാരും കടന്നു ചെല്ലാത്ത ഉൾവഴികളിലൂടെ ദുഷ്ക്കരമായി സഞ്ചരിച്ചാണ് മുന്നൂറ്റി അമ്പതിലധികം പേരെ ഇവർ രക്ഷപ്പെടുത്തി ക്യാമ്പുകളിലെത്തിച്ചത്.ശക്തമായ കുത്തൊഴുക്കുള്ള പ്രദേശങ്ങളിലേക്ക് തോണി കയറ്റാൻ കഴിയാതെവന്ന അവസരത്തിൽ വടവുമായി വെള്ളത്തിലേക്ക‌് ചാടി വള്ളം ഉറപ്പുള്ള സ്ഥലത്ത് പിടിച്ചുകെട്ടി പ്രതിബന്ധങ്ങളെ മുറിച്ചുകടന്ന് മുന്നോട്ടു പോയത് ചിന്തുവായിരുന്നു. കൂട്ടത്തിൽ ഏറ്റവും പൊക്കമുള്ള ചിന്തുവിന്റെ, കടൽ മത്സ്യബന്ധനത്തിലെ അനുഭവസമ്പത്ത് തങ്ങളുടെ പ്രവർത്തനത്തിന് ഏറെ സഹായകമായെന്ന‌് സഹപ്രവർത്തകർ ഓർക്കുന്നു. മരണത്തിൽനിന്ന‌് തങ്ങളെ കൈപിടിച്ചു കയറ്റിയതിന‌് നോട്ടുകെട്ട് കയ്യിൽ വച്ചുതന്ന അനുഭവവും ഇവർക്കുണ്ടായി. പണം തിരികെ നൽകി, ഇതിനേക്കാൾ വില നിങ്ങളുടെ ജീവനുകൾക്കുണ്ടെന്നു പറഞ്ഞ് യാത്ര പറഞ്ഞ ചിന്തുവിനേയും സംഘത്തേയും കണ്ണീരോടെയായിരുന്നു ദുരന്തബാധിതർ യാത്രയാക്കിയത്.തിരികെയെത്തിയ മത്സ്യത്തൊഴിലാളി സംഘത്തിന് നാട്ടിൽ ഉജ്വല സ്വീകരണമാണ് നാട്ടുകാർ ഒരുക്കിയത്. തങ്ങളെ മരണത്തിൽനിന്ന‌് കൈപിടിച്ചു കയറ്റിയ കരങ്ങൾ വെട്ടിമാറ്റാൻ വർഗീയ വാദികൾ ശ്രമിച്ച വാർത്ത മാധ്യമങ്ങളിലൂടെയറിഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന‌് നിരവധി പേരാണ് വിളിക്കുന്നതെന്നും, തങ്ങളുടെ പ്രാർഥന ഒപ്പമുണ്ടെന്ന് അറിയിച്ചതായും ചിന്തുവിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top