22 October Thursday

ആ കത്തിൽ കടലോളം സങ്കടം; അലിഞ്ഞില്ല ‘കോൺഗ്രസ്‌’ഹൃദയം

സ്വന്തം ലേഖകൻUpdated: Sunday Sep 27, 2020

ഗിരിജ വേലായുധനെ കാണാൻ മേയർ കെ ശ്രീകുമാർ എത്തിയപ്പോൾ


തിരുവനന്തപുരം
ആ കത്തിലുണ്ടായിരുന്നു കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ പി കെ വേലായുധന്റെ ഭാര്യയുടെ ദൈന്യം നിറഞ്ഞ ജീവിതകഥ. സ്വന്തം പാർടിക്കായി മരണംവരെ യത്‌നിച്ച നേതാവിന്റെ പത്‌നി നിരാലംബയായെന്നറിഞ്ഞിട്ടും അലിഞ്ഞില്ല ഉമ്മൻചാണ്ടിയുടെയും മറ്റ്‌   കോൺഗ്രസ്‌ നേതാക്കളുടെയും മനസ്സ്‌. 

‘അതെല്ലാം ഓർക്കുമ്പോൾ മനസ്സിൽ സങ്കടം നിറയുമെന്ന’ ഗിരിജ വേലായുധന്റെ വാക്കുകളിലുണ്ട്‌ അനുഭവിച്ച അവഗണനയുടെയും തിരസ്‌കാരത്തിന്റെയും വേദന. കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരൻ വഴിയാണ്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക്‌ സഹായം അഭ്യർഥിച്ച്‌ കത്ത്‌ നൽകിയത്‌.

കത്തിലെ പ്രസക്തഭാഗം ഇങ്ങനെ–-‘സ്വന്തമായി വീടോ മറ്റ്‌ സമ്പാദ്യമോ സഹായത്തിന്‌ മക്കളോ ബന്ധുക്കളോ ഇല്ലാത്ത ഗിരിജയുടെ അവസ്ഥ തികച്ചും പരിതാപകരമാണ്‌. മുൻ മന്ത്രിയുടെ ഭാര്യയും പട്ടികജാതിക്കാരിയും സാമ്പത്തികമായി അവശതയനുഭവിക്കുന്ന വ്യക്തിയും പരസഹായത്തിന്‌ മറ്റാരുംതന്നെ ഇല്ലാത്ത ഗിരിജയുടെ ആവശ്യം പ്രത്യേകം പരിഗണിച്ച്‌ സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി  വീട്‌ നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണം’. വീട്‌ നൽകാൻ ഉമ്മൻചാണ്ടിയും യുഡിഎഫ്‌ സർക്കാരും ചെറുവിരൽ അനക്കിയില്ല. നേതാക്കളെ വീണ്ടും കണ്ടു. കെപിസിസി ഓഫീസ്‌ കയറിയിറങ്ങി. ഒന്നും സംഭവിച്ചില്ല. മനസ്സിൽ നിരാശ നിറഞ്ഞു. 

അന്നത്തെ നിരാശയാണിപ്പോൾ സന്തോഷത്തിന്‌ വഴി മാറിയിരിക്കുന്നത്‌. അതിന്‌ കാരണം എൽഡിഎഫ്‌ സർക്കാരും തിരുവനന്തപുരം നഗരസഭയും. മന്ത്രി എ കെ ബാലനെ കണ്ട്‌ സഹായം അഭ്യർഥിച്ച്‌ അപേക്ഷ നൽകി. മന്ത്രിയുടെ നിർദേശപ്രകാരം തിരുവനന്തപുരം നഗരസഭയാണ്‌ കഴിഞ്ഞ ദിവസം വീട്‌ അനുവദിച്ചത്‌.

ഫ്‌ളാറ്റ്‌ അനുവദിച്ച വിവരം നേരിൽ അറിയിക്കാൻ മേയർ കെ ശ്രീകുമാർ എത്തിയപ്പോൾ ഗിരിജയുടെ മിഴികളിൽ ആഹ്ലാദത്തിന്റെ തിളക്കം. ഫ്‌ളാറ്റിലേക്ക്‌ ഉടൻ മാറാനാകുമെന്ന്‌ മേയർ പറഞ്ഞു. മന്ത്രി എ കെ ബാലൻതന്നെ താക്കോൽ കൈമാറുമെന്നും അറിയിച്ചു. ‘നന്ദിയുണ്ട്‌ വളരെ സന്തോഷമായി’ എന്നായിരുന്നു ഗിരിജയുടെ പ്രതികരണം. പിന്നീട്‌ പറയാൻ വാക്കുകൾ കിട്ടാതെ ഇടറി.  

വർഷങ്ങളായി വാടക വീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു മുൻ മന്ത്രിയുടെ ഭാര്യ. കൂട്ടിന്‌ അസുഖങ്ങളും.  കാക്കാംമൂലയിലെ കൂട്ടുകാരിയുടെ വീട്ടിലാണ് നിലവിൽ താമസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top