04 June Sunday

നിറഞ്ഞ ചിരി ; മലയാളത്തിലെ ഹാസ്യത്തിന്റെ താളം മാറ്റിയ ചിരി

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

ഒരൊറ്റ വേഷത്തിലും സംസാരഭാഷയുടെ  നിഷ്കളങ്കത കൈവിടാൻ ഇന്നസെന്റിനായില്ല. ആ ശൈലി മലയാളത്തിലെ ഹാസ്യത്തിന്റെ താളം മാറ്റി. ശരീരത്തിന്റെ ചലനവൈകൃതങ്ങളിലല്ല ആ  ഹാസ്യം കേന്ദ്രീകരിച്ചത്. സ്വാഭാവികവും തെളിഞ്ഞതുമായ നാട്ടുഭാഷയുടെ പ്രയോഗത്തിലാണ്. തൃശൂർ ഭാഷ എന്ന് അതിനെ വിശേഷിപ്പിച്ചു.

പക്ഷേ പറങ്കിമലയിൽ ടി ജി രവി ഉപയോഗിച്ച തൃശൂർ ഭാഷയായിരുന്നില്ല അത്. സൂക്ഷ്മ വിശകലനത്തിൽ ഇരിങ്ങാലക്കുടയിലെയും മാപ്രാണത്തെയും നസ്രാണിഭാഷയുടെ തെളിമയായിരുന്നു ഇന്നസെന്റിന്റേത്. മനസ്സിൽനിന്ന് ഒഴുകിയെത്തുംപോലെ അത് കാണിയിലേക്കിറങ്ങി. പിന്നണിയായി കൈയും കണ്ണും. തലയുടെ ചെറിയ ചലനം. കലകളില്ലാത്ത കണ്ണാടിപോലുള്ള മുഖത്തെ പേശികളുടെ വിറയൽ.

അതിനെല്ലാമപ്പുറത്ത് വില്ലൻ വേഷത്തിലും ക്യാരക്ടർ റോളിലുമെല്ലാം ചുണ്ടിൽ നിലനിന്ന പുഞ്ചിരി. ഇത്രയും മതിയായിരുന്നു ഇന്നസെന്റിന് മലയാളസിനിമയെ തന്റേതാക്കാൻ. അതാകട്ടെ കാഴ്ചക്കാരനെ ചെടിപ്പിക്കാതെ ഒടുക്കം വരെയും കൊണ്ടുചെന്നെത്തിക്കാനായതാണ് വിജയമായത്. റാംജിറാവ് സ്പീക്കിങ്ങിലെ മാന്നാർ മത്തായി  കൊളുത്തിവിട്ട ഭാഷയുടെയും ചലനങ്ങളുടെയും  നിഷ്്ക്കളങ്കതയാണ് മലയാളം സ്നേഹിച്ചത്.

അതിന് അനിതരസാധാരണമായ ഒഴുക്കുണ്ടായി. ഹാസ്യത്തിനായി സൃഷ്ടിക്കപ്പെട്ടതായിരുന്നില്ല പലപ്പോഴും ആ ചലനവും സംസാരവും. ഇരിങ്ങാലക്കുടയിലെ പഴയ നാട്ടുവഴികളിലും കവലയിലും വെടിപറഞ്ഞ നാടൻ മനുഷ്യന്റെ ഉള്ളിൽ നിന്നുരുത്തിരിഞ്ഞ സ്വാഭാവിക വർത്തമാനവും നോട്ടവുമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top