റാന്നി
അന്യഗ്രഹ ജീവികൾ, പറക്കുംതളികകൾ, സ്പേസ്ഷിപ്പുകൾ, ആകാശ ഗോളങ്ങൾ .. വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിൽ പുതിയ അധ്യയനവർഷം കളിചിരിയോടെ എത്തുന്ന കുട്ടികൾക്കിതാ അവലിസ്‌മരണീയമായ കാഴ്‌ചകൾ. ഇവർക്ക് കണ്ടും തൊട്ടും രസിച്ചും പഠിക്കാൻ ക്ലസ്‌മുറികൾ ഒരുങ്ങി.
ആകാശ ദൃശ്യങ്ങളും ബഹിരാകാശത്തെ അത്ഭുത കാഴ്ചകളുമാണ് ഇവിടെ കുട്ടികളെ കാത്തിരിക്കുന്നത് . നിർമിത ബുദ്ധിയുടെ സാധ്യതകളും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.
പുതിയ അധ്യയന വർഷം കടന്നു വരുന്ന കുരുന്നുകളെ വരവേൽക്കാൻ വിദ്യാലയത്തിന്റെ കെട്ടിടങ്ങളൊക്ക ഏഴഴകിൽ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.ഒരു കെട്ടിടമാകെ കായലിന്റെ രൂപത്തിൽ ചിത്രമാലേഖനം ചെയ്തതാണ്. തീരത്ത് നിരനിരയായി നിറഞ്ഞു നിൽക്കുന്ന തെങ്ങുകളും കായലോര കാഴ്ചകളും കൂടി ചേരുമ്പോൾ കാഴ്ച ഹൃദ്യമാകും. മറ്റൊരു കെട്ടിടത്തിലാകട്ടെ വനത്തിലൂടെയുള്ള യാത്രയാണ് ഒരുക്കിയിട്ടുള്ളത്. കാനന പാതയിലൂടെ പോകുന്ന സ്കൂൾ വാഹനവും കാർട്ടൂൺ തീവണ്ടിയും സഞ്ചരിക്കുമ്പോൾ കാണുന്ന കാഴ്ചകളാണ് ഇവിടെ ഒരുക്കിയ ആകർഷണം.
സ്‌കൂൾ കെട്ടിടത്തിന്റെ പുറത്തുള്ള കാർട്ടൂൺ കഥാ പാത്രങ്ങളാണ് കുട്ടികളെ ക്ലാസ്സിലേക്ക് ആനയിക്കുക. ആനയും, കടുവയും, ജിറാഫും മാനും മയിലുമൊക്ക ജീവൻ തുടിക്കുന്ന ചിത്രങ്ങളായി ചുമരിൽ നിറഞ്ഞു നിൽക്കുന്നു. ഒരു കെട്ടിടം അക്വാറിയമായി രൂപപ്പെടുത്തി. മത്സ്യങ്ങളും കടൽ ജീവികളും കടലിന്റെ അടിത്തട്ടിലെ വർണക്കാഴ്ചകളും കുട്ടികൾക്ക് ആസ്വാദ്യകരമായ അനുഭവമാണ് .
സ്കൂളിലെ അധ്യാപകനായ ബിബിൻ എംജെ യാണ് ചിത്രങ്ങൾ വരച്ചത്. അജീഷ് പാമ്പാടി, മഞ്ജു ചാമംപതാൽ എന്നിവരും ഒപ്പമുണ്ട്. വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് ആഹ്ലാദകരമായ അന്തരീക്ഷം സമ്മാനിക്കുന്നതിനാണ് വിദ്യാലയ കെട്ടിടങ്ങളും പരിസരവും വർണക്കൂടാരമായി ഒരുക്കിയിരിക്കുന്നതെന്നു പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് പറഞ്ഞു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, പിടിഎ പ്രസിഡന്റ് ഷൈനു ചാക്കോ എന്നിവരും ഒപ്പമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..