17 January Sunday

ഈ പുഴയും കടന്ന്‌ വെളിച്ചമെത്തി

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

 കോന്നി

ആറുകടന്ന്‌ വെളിച്ചമെത്തിക്കലായിരുന്നു ആവണിപ്പാറയെ വൈദ്യുതീകരിക്കുന്നതിന്റെ ഏറ്റവും ശ്രമകരമായ ഘട്ടം. എല്ലാവരും ഒത്തുപിടിച്ചപ്പോൾ വെളിച്ചത്തിനൊപ്പം തെളിക്കാനായത്‌ ആദിവാസി കോളനിയിലെ മുഖങ്ങളിൽ പുഞ്ചിരിയും. 
പട്ടികവർഗവകുപ്പിൽ നിന്നും 1.57 കോടി രൂപ അനുവദിച്ചാണ് വനത്താൽ ചുറ്റപ്പെട്ട കോളനിയിൽ വൈദ്യുതി എത്തിച്ചത്. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കോളനിയിൽ ഒരു  വർഷത്തിനകം വൈദ്യുതി എത്തിച്ചു നല്ക്കുമെന്ന് ന്ൽകിയ വാഗ്‌ദാനം പാലിക്കപ്പെട്ടു. 
ആറിനു കുറുകെയും കോളനിയ്ക്കുള്ളിലുമായി ഒരു കിലോമീറ്റർ ദൂരം എൽടിഎബിസി കേബിൾ വലിച്ചാണ് വൈദ്യുതി എത്തിച്ചത്.  ഇരുകരകളിലും പോസ്റ്റ് സ്ഥാപിച്ച് കുറുകെ കമ്പിയിട്ട് അതിൽ കപ്പി സ്ഥാപിച്ചാണ് കുറുകെ കേബിളിട്ടത്. അച്ചൻകോവിലാറിൽ ജല നിരപ്പ് ഉയർന്നതും ജോലി ദുഷ്കരമാക്കി.  
6.8 കിലോമീറ്റർ കേബിൾ സ്ഥാപിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്നത്. പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവി മുതൽ മൂഴി വരെ 1.8 കിലോമീറ്റർ ദൂരം ഓവർ ഹെഡ് എബിസി കേബിളും മൂഴി മുതൽ കോളനിയ്ക്ക് മറുകരയിൽ അച്ചൻകോവിൽ ആറിന്റെ തീരം വരെയുള്ള അഞ്ച്‌ കിലോമീറ്റർ ദൂരം അണ്ടർ ഗ്രൗണ്ട് കേബിളുമാണ്  സ്ഥാപിച്ചിരിക്കുന്നത്. പട്ടികവർഗ വകുപ്പ് മന്ത്രി എ കെ ബാലൻ ഒക്‌ടോബറിൽ വൈദ്യുതി വിതരണം ഉദ്ഘാടനം ചെയ്തു. 
33 കുടുംബങ്ങളുള്ള കോളനിയിൽ ട്രാൻസ്ഫോർമർ സ്റ്റേഷൻ നിർമാണവും പൂർത്തിയാക്കി. കോളനിയ്ക്കുള്ളിൽ 35 തെരുവ്‌വിളക്കുകൾ സ്ഥാപിച്ചു.
33 വീടുകൾക്കും അങ്കണവാടിയ്ക്കും ചേമ്പാല ഫോറസ്റ്റ് സ്റ്റേഷനും കണക്ഷൻ നൽകി. വീടുകൾക്കുള്ള വയറിങ്‌ പഞ്ചായത്ത് നടത്തി. 0.272 ഹെക്ടർ വനഭൂമി വൈദ്യുതി എത്തിക്കുന്നതിനായി നിബന്ധനകൾക്കു വിധേയമായി വനംവകുപ്പിൽ നിന്നും വിട്ടു നല്കി. 
വനത്താലും നദിയാലും ഒറ്റപ്പെട്ടു പോയ സമൂഹത്തിന് പാലം നിർമിച്ചു നല്കുന്നതുൾപ്പടെയുള്ള തുടർ വികസന പദ്ധതികളും ഏറ്റെടുത്തു നടപ്പിലാക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top