24 May Friday

വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകർന്ന് എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 പത്തനംതിട്ട

ഏത് വെല്ലുവിളിയെയും സധൈര്യം നേരിടാൻ നമുക്ക് കഴിയുമെന്ന് തെളിഞ്ഞതായി വീണാജോർജ് എംഎൽഎ പറഞ്ഞു. ഓണാവധിക്കും പ്രളയക്കെടുതിക്കും ശേഷം ക്ലാസുകൾ ആരംഭിച്ച നാൽക്കാലിക്കൽ എസ് വി ജി വിഎച്ച്എസ്എസിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു എംഎൽഎ. മാനസികമായി വലിയ കരുത്തുള്ളവരാണ് നിങ്ങൾ, ഒരു വലിയ ദുരന്തത്തെയാണ് ചങ്കൂറ്റത്തോടെ നാം അതിജീവിച്ചത്, ഇനി ചെറിയ കാര്യങ്ങളിൽ പോലും മനസ് തളരാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം.  വിദ്യാർഥികൾക്കാവശ്യമായ പഠനോപകരണങ്ങളെല്ലാം എത്തിക്കും. വീട് നഷ്ടപ്പെട്ടവർക്ക് എല്ലാവരുടെയും കൂട്ടായ ശ്രമഫലമായി വീടുകൾ നിർമിക്കും. സർക്കാർ നിങ്ങൾക്കൊപ്പമുണ്ടെന്നും നിരാശപ്പെടാതെ സധൈര്യം മുന്നോട്ട് പോകണമെന്നും എംഎൽഎ പറഞ്ഞു. നിറഞ്ഞ കൈയ്യടികളോടെയാണ് കുട്ടികൾ എംഎൽഎയുടെ വാക്കുകൾ  സ്വീകരിച്ചത്. പ്രളയക്കെടുതിയിൽ ഏറെ നാശനഷ്ടങ്ങൾ സംഭവിച്ച ജില്ലയിലെ സ്‌കൂളുകളിലൊന്നാണ് നാൽക്കാലിക്കൽ എസ‌്വിജിഎച്ച‌്എസ്എസ്. പല ക്ലാസ് മുറികളും നശിച്ചിട്ടുണ്ട്. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളിൽ പലരും പ്രളയബാധിതരാണ്. ഇവർക്ക് ആത്മവിശ്വാസം പകരാനാണ് എംഎൽഎ സ്‌കൂളിലെത്തി കുട്ടികളോട‌് സംവദിച്ചത്. കുട്ടികൾക്ക് ആവശ്യമായ കുടിവെള്ളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കറിൽ എത്തിക്കുമെന്നും എംഎൽഎ ഉറപ്പ് നൽകി. സ്‌കൂൾ ഹെഡ്മിസ്ട്രസ് പി ആർ ശ്യാമളാമ്മ, വാർഡ് മെമ്പർ ആർ ഉണ്ണികൃഷ്ണൻ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
 
 
 
പ്രധാന വാർത്തകൾ
 Top