തിരുവല്ല
എല്ലാവരും വോട്ടിനായി പ്രചാരണ തിരക്കിൽ. ഇവിടെ ഒരു സ്ഥാനാർഥി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് ശനിയാഴ്ച രാവിലെ ഓടിയത്. ജീവനുവേണ്ടി പൊരുതുന്ന രോഗിക്ക് രക്തം നൽകാനായിരുന്നു അത്. കോലഞ്ചേരി സ്വദേശി കുട്ടപ്പനാണ്(56)ആശുപത്രിയിൽ കഴിയുന്നത്. തിരുവല്ല നഗരസഭ 19-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ലിപിൻ ലാസർ തന്റെ എ ബി പോസിറ്റീവ് രക്തം നൽകുന്നത് ഒന്നും രണ്ടും തവണയല്ല. ഇതോടെ 24 തവണയായി.തിരുവല്ല തെക്കേക്കുറ്റ് വീട്ടിൽ ലാസറിന്റെ മകനും ഡിവൈഎഫ്ഐ തിരുവല്ല ടൗൺ സൗത്ത് മേഖല സെക്രട്ടറിയുമാണ് ലിപിൻ.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹമടക്കാനും പിപിഇ കിറ്റണിഞ്ഞ് മുൻപന്തിയിലുണ്ടായിരുന്നു. ഉറ്റവരും ഉടയവരും മാറി നിൽക്കേണ്ടി വന്ന സാഹചര്യത്തിൽ തുകലശേരി സെന്റ് ജോസഫ് പള്ളിയിൽ തിരുമൂലപുരം കരിമ്പിൻ കാലായിൽ തോമസ്, കാവുംഭാഗം കട്ടപ്പുറം പള്ളിയിൽ തിരുവല്ല പുതുപറമ്പിൽ പി എം തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് ലിപിന്റെ നേതൃത്വത്തിൽ സംസ്കരിച്ചത്.
കോവിഡ് പ്രതിരോധ വളന്റിയറായി പ്രവർത്തിക്കുന്ന ലിപിൻ തിരുമൂലപുരം എസ്എൻവി ഹൈസ്കൂളിലെ കമ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. മാക് ഫാസ്റ്റ് കോളേജ് ഹോസ്റ്റലിൽ പ്രവർത്തിച്ചിരുന്ന ക്വാറന്റയിൻ കേന്ദ്രത്തിലെ വളന്റിയറു മായിരുന്നു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നും എത്തിക്കാനും പ്രവർത്തിച്ചു. പ്രളയ സമയത്ത് തിരുമൂലപുരത്തെ ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിക്കാനും ആശുപത്രികളിൽ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി പൊതിചോറുകൾ എത്തിക്കുന്ന പ്രവർത്തനവും നടത്തുന്ന ലിപിൻ ഏവർക്കും സ്വീകാര്യനാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..