10 August Monday

ആവണിപ്പാറ കയറാൻ ജെനീഷിനൊപ്പം കലക്ടറും

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

ആവണിപ്പാറ ആദിവാസി കോളനിയിലേക്ക്‌ അഡ്വ. കെ യു ജനീഷ്‌ കുമാർ എംഎൽഎയും കലക്‌ടർ പി ബി നൂഹും അവശ്യ സാധനങ്ങളുമായി പുഴ കടന്ന്‌ എത്തുന്നു

 കോന്നി 

ആവണിപ്പാറ പട്ടികവർഗ കോളനിയിലേക്ക്  ഭക്ഷണ സാധനങ്ങളുമായി പോകാൻ എംഎൽഎയും വളന്റിയർമാരും  തയാറെടുക്കുമ്പോഴാണ്‌ .
കലക്ടർ പി ബി നൂഹ്‌ ജെനീഷ്‌കുമാറിന്റെ ഓഫീസിൽ എത്തിയത്‌.  കോളനിയിൽ ഭക്ഷണ സാധനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായി പ്രദേശത്തെ പഞ്ചായത്തംഗം പി സിന്ധു എംഎൽഎയുടെ ഹെൽപ്പ് ഡസ്കിലേക്ക് വിളിച്ചറിയിച്ചതിനെ തുടർന്നാണ് സംഘം യാത്രയ്‌ക്ക്‌ തയ്യാറായത്. വിവരം അറിഞ്ഞപ്പോൾ  ആവണിപ്പാറയ്ക്ക് വരുകയാണെന്ന് കലക്ടറും അറിയിച്ചു. തുടർന്ന്  11 മണിയോടെ കോന്നിയിൽനിന്ന് ഭക്ഷ്യ സാധനങ്ങളുമായി സംഘം ആവണിപ്പാറയ്ക്ക് തിരിച്ചു.
ആവണിപ്പാറ അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡായ  വനത്തിനുളളിലെ ട്രൈബൽ സെറ്റിൽമെന്റാണ്. 37 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. അച്ചൻകോവിൽ ആറ് കടന്ന് വനത്തിലൂടെ നടന്നു മാത്രമേ കോളനിയിൽ എത്താനാവൂ.
എംഎൽഎയും കലക്ടറും  ഉദ്യോഗസ്ഥരും വളന്റിയർമാരും ഭക്ഷണ ചുമടുകളുമായാണ് കോളനിയിലേക്ക് നടന്നത്. കോളനിയിലെ എല്ലാ വീടുകളിലും സംഘം ഭക്ഷണം എത്തിച്ചു. ചില വീടുകളിൽ കുട്ടികൾക്ക് പനി  ഉള്ളതായി പറഞ്ഞതിനെ തുടർന്ന് മെഡിൽ സംഘത്തെ വരുത്തി പരിശോധന നടത്തി. ആവശ്യമായ മരുന്നും വിതരണം ചെയ്തു.
‘ഭക്ഷണം ആവശ്യപ്പെട്ട്  ഹെൽപ്പ് ഡസ്കിലേക്ക് വിളിക്കുമ്പോൾ എംഎൽഎയും കലക്ടറും നേരിട്ടെത്തുമെന്ന് കരുതിയില്ലെ’ന്ന് പഞ്ചായത്തംഗം  സിന്ധു പറഞ്ഞു. എന്താവശ്യത്തിനും വിളിക്കണമെന്നും  ഉടൻ തന്നെ സഹായം എത്തിക്കുമെന്നും കോളനിവാസികൾക്കും   പഞ്ചായത്തംഗത്തിനും എംഎൽഎ ഉറപ്പു നൽകി.
എംഎൽഎയുടെ കൈത്താങ്ങ് പദ്ധതിയെ പറ്റി പഠിക്കാനും മനസ്സിലാക്കാനുമാണ്‌   കലക്ടർ പി ബി നൂഹ് എംഎൽഎയുടെ  ഓഫീസിലെത്തിയത്‌.എൻഎച്ച്എം പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ, കോന്നി തഹസിൽദാർ ഇൻ ചാർജ്‌ റോസ്ന ഹൈദ്രോസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, കൈത്താങ്ങ് പദ്ധതി വളന്റിയർമാർ എന്നിവരും  ഒപ്പം ഉണ്ടായിരുന്നു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top