30 November Tuesday
സ്‌കൂളുകൾ അണിഞ്ഞൊരുങ്ങുന്നു

ഭിത്തിയിൽ വരച്ചത്‌ 
ടീച്ചറാന്നേ...

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഒന്നാംക്ലാസിന്റെ ഭിത്തിയിൽ ശോഭന ടീച്ചറും പൂർവവിദ്യാർഥികളായ അഭിലാഷും സ്വാഗതും ചിത്രരചനയിൽ

പത്തനംതിട്ട 
"ചുവരെല്ലാം വരച്ച്‌ വൃത്തികേടാക്കല്ലേ പിള്ളേരേ' എന്ന്‌ ശോഭന ടീച്ചർ ഒരിക്കലും പറയില്ല. കുട്ടികൾക്കൊപ്പം ടീച്ചറും വരയ്‌ക്കും. ടീച്ചർ ബ്രഷും ചായവുമെടുക്കുമ്പോൾ മരവും ചെടിയും മാനുമൊക്കെ സ്‌കൂൾ ഭിത്തിയിൽ വിരിയും. ആനയും ജിറാഫും മിക്കി മൗസും വരച്ചുചേർത്ത്‌ കുട്ടികൾ ഒപ്പംകൂടും. ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്രൈമറി ടീച്ചറായ കെ ആർ ശോഭന എന്നെങ്കിലും ക്ലാസിലെത്തുന്ന കുരുന്നുകളെ കാത്ത്‌ ചിത്രങ്ങൾ വരച്ചുചേർക്കുകയായിരുന്നു. പടികയറിത്തുടങ്ങുമ്പോൾ മാൻകുട്ടിയും വള്ളിപ്പടർപ്പുകളും അവരെ വരവേൽക്കും. സ്‌കൂളിന്റെ ഭിത്തിയിലില്ലാത്ത മൃഗങ്ങളോ കാർട്ടൂൺ കഥാപാത്രങ്ങളോ വിരളം. വര ഒരു ഹരമെന്ന്‌ ടീച്ചർ പറയുന്നു. വീട്ടിലാണെങ്കിൽ സാരിയിലും മറ്റുമാണ്‌ കലാവിരുത്‌ കാട്ടുക. ആക്രിലിക്‌ നിറങ്ങളിൽ ഈ പ്രൈമറി ടീച്ചർ വിസ്‌മയം തീർക്കും. 
ചിത്രങ്ങൾ വരച്ച്‌ എൽപി ക്ലാസുകൾ അലങ്കരിക്കാൻ പൂർവവിദ്യാർഥികളായ അഭിലാഷും സ്വാഗതും ടീച്ചർക്കൊപ്പമുണ്ട്‌. രണ്ടുവർഷത്തോളം നീണ്ട അടച്ചിടലിന്‌ ശേഷം നവംബർ ഒന്നിന്‌ സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾ അമ്പരക്കും. ഇരുന്നയിരുപ്പിൽ കൊറോണ കാരണം അടച്ചുപോയ സ്‌കൂളല്ല അവരെ വരവേൽക്കുക. കുട്ടികളൊന്ന്‌ വന്നിരുന്നെങ്കിലെന്ന്‌ ആശിച്ച്‌ സ്‌കൂൾ മോടികൂട്ടുന്ന അധ്യാപകർ, സ്‌കൂൾ തുറക്കൽ ഉത്സവമാക്കാൻ ഓടിനടക്കുന്ന മറ്റ്‌ ജീവനക്കാർ ഒക്കെ വരാനിരിക്കുന്ന കളിചിരി കാലത്തിന്‌ മാറ്റുകൂട്ടുന്നു. ഇതേവരെ നിശബ്ദമായിരുന്ന ചുവരുകളൊക്കെ ഇനി കുടുകുടെ ചിരിക്കുമെന്നുറപ്പ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top