24 October Saturday

കോൺഗ്രസിൽ സംഘടന പിടിക്കാൻ പോരാട്ടം

സ്വന്തം ലേഖകൻUpdated: Monday Sep 28, 2020
 
പത്തനംതിട്ട
തദ്ദേശ തെരഞ്ഞെടുപ്പിന്‌ കളം ഒരുങ്ങിയതോടെ കോൺഗ്രസിൽ എ, ഐ ഗ്രൂപ്പുകൾ സംഘടന പിടിച്ചെടുക്കാൻ മത്സരത്തിൽ.  തങ്ങൾക്ക്‌ വേണ്ടപ്പെട്ടവരെ സ്ഥാനാർഥികളാക്കാനും അതുവഴി നേട്ടം കൊയ്യാനുമാണ്‌ ഗ്രൂപ്പുകൾ തമ്മിൽ മത്സരിക്കുന്നത്‌. പെരുനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനെ മാറ്റി എ ഗ്രൂപ്പുകാരന്‌ ചുമതല  നൽകിയതിൽ  പ്രതിഷേധവുമായി ഐ ഗ്രൂപ്പ്‌ നേതാക്കൾ രംഗത്ത്‌.  
പെരുനാട്‌ മണ്ഡലം പ്രസിഡന്റ്‌  പുഷ്പാംഗദനെ മാറ്റി എ ഗ്രൂപ്പ് നോമിനിയെ പ്രസിഡന്റാക്കിയ  ഡിസിസി  പ്രസിഡന്റ്‌ ബാബു ജോർജിന്റെ  ഏകപക്ഷീയ തീരുമാനത്തിനെതിരെ  ഐ  ഗ്രൂപ്പ്  നേതാക്കൾ പരസ്യപ്രസ്‌താവനയുമായി എത്തി. ഐ ഗ്രൂപ്പ്‌ നേതാവും  ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് , ജനറൽ സെക്രട്ടറിമാരായ അഹമ്മദ് ഷാ, അഡ്വ. എബ്രഹാം  മാത്യു പനച്ചമൂട്ടിൽ, സതീഷ് പണിക്കർ എന്നിവർ തങ്ങളുടെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. 
 ജില്ലയിൽ 79 മണ്ഡലം കമ്മിറ്റികളിൽ പത്തിൽ താഴെ മാത്രം കമ്മിറ്റികളാണ്‌ ഐ ഗ്രൂപ്പിനുള്ളതെന്നിരിക്കെ  നിഷേധാത്മക സമീപനം സ്വീകരിക്കുന്ന ബാബു ജോർജിന്റെ നടപടിയിൽ  പ്രതിഷേധിച്ച്  അവശേഷിക്കുന്ന  കമ്മിറ്റികൾ കൂടി എ ഗ്രൂപ്പിന് വിട്ടുകൊടുക്കാൻ ഐ വിഭാഗം ജില്ലാനേതൃത്വം തീരുമാനമെടുത്തതായി‌  നേതാക്കൾ അറിയിച്ചു.
 മുമ്പ്‌ വെച്ചൂച്ചിറ മണ്ഡലം കമ്മിറ്റി  പിടിച്ചടക്കിയതുപോലെ  ഐ ഗ്രൂപ്പിന്‌ ഉണ്ടായിരുന്ന ഒരു മണ്ഡലം കമ്മിറ്റി  കൂടിയാലോചന ഇല്ലാതെ ബാബു  ജോർജിന്റെ  നേതൃത്വത്തിൽ ഏകപക്ഷീയമായി പിടിച്ചടക്കിയിരിക്കുകയാണ്‌. 
 പുഷ്പാംഗദനെ ഡിസിസി ഓഫീസിൽ വിളിച്ചുവരുത്തി ഡിസി എക്‌സിക്യൂട്ടീവ്‌  തീരുമാനമാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ നിർബന്ധപൂർവം കത്ത് എഴുതി വാങ്ങിയാണ്‌ പുതിയ നോമിനേഷൻ നടത്തിയത്‌.
 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പിജെ കുര്യൻ, ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എഎ ഷുക്കൂർ  എന്നിവരും ഐ ഗ്രൂപ്പ് ഡിസിസി ഭാരവാഹികളും ഈ നാമനിർദേശത്തിനെതിരെ നിലപാട്‌ സ്വീകരിച്ചിട്ടും   ഗ്രൂപ്പ് തീരുമാനമാണെന്ന്‌  പറഞ്ഞു വാർത്ത കൊടുക്കുകയായിരുന്നു.
 പ്രതിപക്ഷനേതാവ് എഴുതികൊടുത്തിട്ടു പോലും ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവിലേക്ക്‌  ഐ ഗ്രൂപ്പിന്റെ പ്രതിനിധികളെ  നാമനിർദ്ദേശം ചെയ്യാൻ മടിക്കുന്ന ഡിസിസി പ്രസിഡന്റ്‌  ഒരു  മാനദണ്ഡവുമില്ലാതെ വിവിധതലങ്ങളിൽ കഴിവുകെട്ടവരെ തിരുകി കയറ്റുകയാണെന്ന്‌ നേതാക്കൾ ആരോപിച്ചു .
ഇക്കാര്യം കാട്ടി കെപിസിസി പ്രസിഡന്റ്‌, പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി എന്നിവർക്ക്‌ പരാതി നൽകിയതായും നേതാക്കൾ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top