26 May Thursday

ഇതാ മുള പൊട്ടുന്നു, നാളെയുടെ പച്ചപ്പാകാൻ

തോപ്പിൽ രജിUpdated: Friday Jan 28, 2022

പരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്യാന്‍ മണ്ണീറയില്‍ വൃക്ഷത്തൈകള്‍ ഒരുക്കുന്നു

ചിറ്റാർ
ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തില്‍ കോന്നി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നതിനായി കോന്നി സോഷ്യല്‍ ഫോറസ്ട്രിയുടെ മേല്‍നോട്ടത്തില്‍ വൃക്ഷത്തൈകള്‍ ഒരുക്കുന്നു. മണ്ണീറയിലെ തൊഴിലുറപ്പ്  തൊഴിലാളികള്‍ക്കാണ് പരിപാലന  ചുമതല. മണ്ണീറ ഫോറസ്റ്റേഷന് സമീപത്തുള്ള വനംവകുപ്പ് ഭൂമിയിലാണ് തൈകള്‍ ഉൽപാദിപ്പിക്കുന്നതിനാവശ്യമായ തവാരണ ഒരുക്കുന്നത്.     
      ആര്യവേപ്പ്, കുടംപുളി, ദന്തപ്പാല, നീര്‍മരുത്, നെല്ലി, പേര, സീതപ്പഴം, രക്തചന്ദനം, ഈട്ടി, തേക്ക്, പുവരശ്, നീര്‍മാതളം, കണികൊന്ന, ചന്ദനം തുടങ്ങിയ വൃക്ഷങ്ങളുടെ 23500 തൈകളാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്ന്  ആവശ്യമായ വിത്തുകള്‍ നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന 4,89,100  രൂപയാണ് പദ്ധതിയുടെ ചെലവ്.ഇതില്‍ നിന്ന് 37,400 രൂപ സംരക്ഷണ വേലിയടക്കം നിര്‍മിക്കാൻ ചെലവാക്കും. ഡിസംബര്‍ 22നാണ് തവാരണ നിര്‍മാണത്തിന് തുടക്കം കുറിച്ചത്. 
    തടം എടുത്ത് വിത്ത് പാകിയതിന് ശേഷം വനത്തിനുള്ളില്‍ നിന്ന് ശേഖരിക്കുന്ന കണയോലകള്‍ കൊണ്ട് വിത്തിന് തണലൊരുക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. കാട്ടു മൃഗങ്ങളുടെ ശല്യം ഉണ്ടാവാതിരിക്കാൻ ചുറ്റും വേലി കെട്ടിയാണ് തൈ സംരക്ഷിക്കുന്നത്. വെള്ളം നനച്ച് പരിപാലിക്കുന്ന വിത്തുകള്‍ ഏഴ് മുതല്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ മുളപൊട്ടി വളരും. തൈകള്‍ കോന്നി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അരുവാപ്പുലം, കോന്നി, മലയാലപ്പുഴ, മൈലപ്ര, പ്രമാടം, തണ്ണിത്തോട്, വള്ളിക്കോട് പഞ്ചായത്തുകളില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യാനാണ് തീരുമാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top