17 January Sunday

പുതുമുഖങ്ങളുമായി പുളിക്കീഴ്

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

 തിരുവല്ല

ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ പുതുമുഖങ്ങളാണ്. ജില്ലാ പഞ്ചായത്ത് രൂപീകരിച്ച നാൾ മുതൽ യുഡിഎഫ് ജയിച്ചിരുന്ന മണ്ഡലം ഇത്തവണ നേടുമെന്ന ഉറച്ച തീരുമാനത്തിലാണ് എൽഡിഎഫ് പ്രവർത്തകർ.
എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് എമ്മിലെ ഡാലിയാ സുരേഷും യുഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് (ജോസഫ്) ലെ ബിന്ദു ജെ വൈക്കത്തുശേരിയും എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസിലെ മിനുവുമാണ് മത്സരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് രൂപീകരിക്കപ്പെട്ട ആദ്യ തെരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ച് ജയിച്ച നിരണം തോമസിന്റെ മരുമകളാണ് എൽഡിഎഫ് സ്ഥാനാർഥി. ഭർത്താവ് സുരേഷ് തോമസ് അഞ്ച്‌ വർഷം മുമ്പ്‌ കടപ്ര പഞ്ചായത്തിലെ 12-ാം വാർഡിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും കടപ്രയിലെ എൽഡിഎഫ് ഭരണത്തിന് പിന്തുണ നൽകുകയും ചെയ്തിരുന്നു. ആദ്യകാല കോൺഗ്രസ് കുടുംബങ്ങളുടെയും പ്രവർത്തകരുടെയും പിന്തുണ ഈ കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥിക്കുണ്ട്‌. കഴിഞ്ഞ തവണ 1645 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കേരള കോൺഗ്രസ് ജയിച്ച മണ്ഡലം. അതിലെ പ്രബല വിഭാഗമാണ് ഇപ്പോൾ എൽഡിഎഫിൽ എത്തിയിരിക്കുന്നത്. ഡാലിയ സുരേഷ്‌ രണ്ടില ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
2000ൽ അംബിക മോഹനനും 2005 ൽ സജി അലക്സും 2010ൽ വീണ്ടും അംബിക മോഹനനും 2015ൽ സാം ഈപ്പനും കേരള കോൺഗ്രസ് എം സ്ഥാനാർഥികളായി വിജയിച്ചിരുന്നു. ഇതിൽ സാം ഈപ്പൻ മാത്രമാണ് യുഡിഎഫിലേക്ക് പോയ ജോസഫ് പക്ഷത്തുള്ളത്.
ത്രികോണ മത്സരം ശക്തമായ ഇവിടം കടപ്ര, നിരണം, നെടും ബ്രം, പെരിങ്ങര പഞ്ചായത്തുകളും കുറ്റൂർ പഞ്ചായത്തിലെ നാല്‌ വാർഡുകളും ഉൾപ്പെട്ടതാണ്. ഡിവിഷൻ. ഡാലിയ വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ നേഴ്‌സിങ്‌ റ്റ്യൂട്ടറായി സേവനമനുഷ്ഠിച്ചിരുന്നു. 
യുഡിഎഫ് സ്ഥാനാർഥി ബിന്ദു മാധ്യമ പ്രവർത്തകൻ ജിജു വൈക്കത്തുശേരിയുടെ ഭാര്യയും നിരണം മാർത്തോമ്മൻ വിദ്യാപീഠം അധ്യാപികയുമാണ്.
എൻഡിഎ സ്ഥാനാർഥി മിനു രാജേഷ് തിരുവല്ല എസ്എൻഡിപി യൂണിയൻ വൈസ് ചെയർപേഴ്സണാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top