14 July Tuesday
കോവിഡിന്റെ മറവിൽ പർച്ചേസ്‌ നടന്നില്ല

ജില്ലാ പഞ്ചായത്ത്‌ രാഷ്‌ട്രീയം കളിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 പത്തനംതിട്ട 

സംസ്ഥാന സർക്കാരിന്‌ നാണക്കേടുണ്ടാക്കാൻ ജില്ലാ പഞ്ചായത്ത്‌ അധികൃതരിൽനിന്നുണ്ടായ ശ്രമത്തിനെതിരെ ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റിയംഗം എസ്‌ വി സുബിൻ. പരീക്ഷകൾ തുടങ്ങിയ ചൊവ്വാഴ്‌ചയാണ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്നപൂർണാദേവി, വൈസ്‌ പ്രസിഡന്റ്‌ ജോർജ്‌ മാമ്മൻ കൊണ്ടൂർ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി അധ്യക്ഷ കെ ജി അനിത എന്നിവർ പത്തനംതിട്ടയിൽ വാർത്താസമ്മേളനം നടത്തിയത്‌. ജില്ലയിലെ എയ്ഡഡ്‌ സ്‌കൂളുകളിൽ പരീക്ഷാ നടത്തിപ്പിനായി മാസ്‌കുകളോ സാനിറ്റൈസറോ നല്‍കാന്‍ ജില്ലാ പഞ്ചായത്തിനാകില്ലെന്ന് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ഇതിനുള്ള മറുപടിയുമായാണ്‌ സ്‌റ്റാൻഡിങ്‌ കമ്മിറ്റിയംഗം രംഗത്തുവന്നത്‌. 
കോവിഡ്‌ കാലത്ത്‌ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കേണ്ട ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിങ്‌ കമ്മിറ്റിയെ ജില്ലാ പഞ്ചായത്ത്‌ നോക്കുകുത്തിയാക്കി. ഏപ്രിൽ 29ന് ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ സാനിട്ടൈസർ ഏറ്റവും വിലകുറച്ച് ലഭിക്കുന്ന കേരള ഡ്രഗ്സ് ആൻഡ്‌ ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനിൽ നിന്ന് വാങ്ങാമെന്നും മാസ്‌ക്‌ കുടുംബശ്രീ വഴി തയാറാക്കാമെന്നും സുബിൻ പറഞ്ഞു. ഇതോടെ കോവിഡിന്റെ മറവിലുള്ള പർച്ചേസ്‌ നടന്നില്ല. തുടർന്നുള്ള ജൽപനങ്ങളാണ്‌ വാർത്താസമ്മേളനത്തിൽ കണ്ടത്‌. 
എയ്ഡഡ് സ്കൂളുകൾക്ക് ഇവ വാങ്ങി നൽകാൻ കഴിയില്ലെന്ന വാദം ശരിയല്ല. അസാധാരണ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് ഇടപെടുകയും പിന്നീട് സർക്കാർ അംഗീകാരം വാങ്ങുകയും ചെയ്യുകയാണ്  പതിവ്. എയ്ഡഡ് സ്കൂളുകളെ സഹായിക്കാൻ കഴിയില്ലെങ്കിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് വിജയശതമാനം ഉയർത്താനുള്ള പദ്ധതിയിൽ കൈത്താങ്ങ് പുസ്തകം എങ്ങനെ നൽകി. പൊതുപണം ഉപയോഗിക്കാൻ കഴിയില്ലെങ്കിൽ സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് സാധ്യമാകും എന്നിരിക്കെ അതിനായി ജില്ലാ പഞ്ചായത്ത് ചെറുവിരൽ അനക്കിയില്ല. പരീക്ഷ പ്രഖ്യാപിച്ചതിന്‌ ശേഷം സ്റ്റിയറിങ്‌ കമ്മിറ്റിയോ സ്റ്റാൻഡിങ്‌ കമ്മിറ്റിയോ വിളിച്ചില്ല. പരീക്ഷാകാലത്ത് കുട്ടികൾക്ക് മാനസിക പിന്തുണ നൽകേണ്ടതിന് പകരം രാഷ്‌ട്രീയം കളിക്കുന്നത്‌ പ്രതിഷേധാർഹമാണെന്ന്‌ എസ്‌ വി- സുബിൻ പ്രസ്‌താവനയിൽ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top