16 September Monday

ഇതാ രക്ഷകൻ; പേര്‌ രവീൺ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
 
അടൂർ
ഹൃദയാഘാതത്തിൽ കുഴഞ്ഞുവീണ് അത്യസന്ന നിലയിൽ  കടത്തിണ്ണയിൽ കിടന്നയാളെ രക്ഷിച്ച പെരിങ്ങനാട് ശാന്തിക്കുന്നിൽ വീട്ടിൽ  രവീണിന് അഭിനന്ദന പ്രവാഹം. പ്രൈവറ്റ് ബസ് സ്റ്റാന്റ് ബൈപ്പാസ് റോഡരികിൽ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലെ കടമുറിയുടെ തിണ്ണയിൽ വിയർത്ത് കുളിച്ച് കിടന്ന  പെരിങ്ങനാട് തെക്കുംമുറി ഗുരുക്കൻമാരു വിളയിൽ സോമൻ(61) യെയാണ് രവീണിന്റെ സന്ദർഭോചിതമായ ഇടപെടലിൽ രക്ഷിക്കാനായത്. കർഷക സംഘം പെരിങ്ങനാട് മേഖല ജോയിന്റ് സെക്രട്ടറിയാണ് രവീൺ.  
മദർ തെരേസ പാലീയേറ്റീവ്  കെയർ സൊസൈറ്റിയുടെ ആംബുലൻസ്  ഡ്രൈവറായ പഴകുളം പന്ത്രക്കുഴിയിൽ സമദ് പാർടി ഓഫീസിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് വിയർത്ത് കുളിച്ച് അവശനിലയിൽ ഒരാൾ കടത്തിണ്ണയിൽ കിടക്കുന്നത് കണ്ടത്.ഈ വിവരം സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി അഷ്കറിനെയും ഓഫീസിലുണ്ടായിരുന്ന രവീണിനെയും അറിയിച്ചു.ഇവർ മൂന്നു പേരും കൂടിയെത്തി രവീണിനെയും കുട്ടി സോമനെ അടൂർ ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ എത്തിയപ്പോഴാണറിയുന്നത് ഹൃദയാഘാതം ഉണ്ടായി വീണതായിരുന്നെന്ന്. പിന്നെ ഒന്നും നോക്കിയില്ല. പുറത്തുനിന്ന് വിളിച്ച ആംബുലൻസിൽ നേരെ പരുമല ആശുപത്രിയിലേക്ക്. അവിടെ എത്തിയപ്പോഴേക്കും അതീവ ഗുരുതരം.രണ്ട് ലക്ഷം രൂപ ഉടൻ അടച്ചാൽ ചികിൽസ നടത്താമെന്നും രക്തം കട്ട പിടിക്കുന്ന അവസ്ഥയിലേക്ക് മാറുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കൂട്ടിന് ആരുമില്ലാതെ വന്ന രവീൺ ഓഫീസ് സെക്രട്ടറി അഷ്കറിനെ വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. പ്രഥമ ശുശ്രൂഷയെങ്കിലും അവിടെ ചെയ്ത് വേഗം കോട്ടയത്തേക്ക് പോകാൻ  പറഞ്ഞു. അവിടെ വേണ്ട കാര്യങ്ങൾ ഏർപ്പാടാക്കാമെന്നും പറഞ്ഞു. കാശില്ലാത്തതിനാൽ പരുമലയിൽ അവർ ഒന്നും ചെയ്തില്ല. 
രവീൺ രോഗിയുമായി ആംബുലൻസിൽ  കോട്ടയം മെഡിക്കൽ കോളേജിലേക്ക് തിരിച്ചു. നേരത്തെ അറിയിച്ചതിനാൽ രോഗിയെ എത്തിച്ചയുടൻ തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചു. സോമൻ ഇപ്പോൾ പുതുജീവനിലേക്ക് പ്രവേശിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top