30 November Monday
ഏനാത്ത്‌ പാലം

ഒട്ടും തെന്നിമാറാതെ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

തകരാർ പരിഹരിച്ച്‌ യാത്രക്കാർക്ക്‌ തുറന്നുകൊടുത്ത ഏനാത്ത്‌ പാലം. ഇൻസെറ്റിൽ ബെയ്‌ലി പാലം (ഫയൽ ചിത്രം)

 കൊടുമൺ

വികസന കാര്യങ്ങളിലും അത്യാഹിത ഘട്ടങ്ങളിലും ഒരു സർക്കാർ എങ്ങനെ ജനോപകാരപ്രദമായി പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഏനാത്ത് പാലം. പാലത്തിന്റെ ബലക്ഷയം ശ്രദ്ധയിൽ പെട്ടപ്പോൾ സ്വീകരിച്ച നടപടികൾ അത്രയും വേഗത്തിൽ ഉള്ളതായിരുന്നു. ചെറിയ ശ്രദ്ധക്കുറവ്‌ പോലും വലിയ ആപത്തിലേക്ക്‌ എത്തിക്കാവുന്ന ഘട്ടത്തിൽ ഉണർന്ന്‌ പ്രവർത്തിക്കാൻ സർക്കാരിനായി. 
2017 ജനുവരി 10ന് വൈകിട്ട്‌ ഏഴ് മണിയോടെയാണ് ഏനാത്ത് പാലത്തിൽ എന്തോ ശബ്ദം കേട്ടതായി പ്രദേശവാസികൾ അറിയിച്ചത്. പ്രാഥമിക പരിശോധനയിൽ ഉപരിതലത്തിലെ കൈവരികൾ പൊട്ടിയതായും പാലത്തെ താങ്ങി നിർത്തുന്ന സ്പാൻ തെന്നിമാറിയതായും കണ്ടെത്തി. ഉടൻതന്നെ പാലത്തിലൂടെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ഇരുട്ടിവെളുക്കുന്നതിന് മുമ്പ്‌ സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ സ്ഥലം സന്ദർശിച്ചു. റോഡുകളുടെയും പാലത്തിന്റെയും ചുമതലയുള്ള സംസ്ഥാന ചീഫ് എൻജിനീയർ ഉൾപ്പെടെ വിദഗ്ധർ പാലത്തിന്റെ അവസ്ഥ പരിശോധിച്ചു. മദ്രാസ് ഐഐടിയിൽനിന്ന് കൂടുതൽ വിദഗ്ധരെ കൊണ്ടുവന്ന് പഠനം നടത്തി. 
കൊല്ലം –- പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന, ദിവസേന എണ്ണിയാൽ തീരാത്തത്ര വാഹനങ്ങൾ കടന്നുപോകുന്ന പ്രധാനപാലത്തിന്‌ വന്ന തകരാർ ഉടനടി പരിഹരിക്കപ്പെടേണ്ടതായിരുന്നു. പഠനം നടത്തിയവർ നിർദേശിച്ച നടപടികൾ ഏറ്റവും വേഗത്തിൽ നടപ്പാക്കി. ഗതാഗതം നിരോധിച്ചപ്പോൾത്തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ പട്ടാളത്തെ ഉപയോഗിച്ച് ബെയ്‌ലി പാലം നിർമിച്ചു. ബസുകളടക്കമുള്ള വലിയ വാഹനങ്ങൾക്ക്‌ പോകാൻ തൽക്കാലം വേറെ വഴി കണ്ടെത്തി. 
ഉപരിതലത്തിലെ കോൺക്രീറ്റിനും തൂണുകൾക്കും ബലക്ഷയമില്ലെന്ന വിദഗ്ധരുടെ റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ പാലത്തിനാവശ്യമായ അറ്റകുറ്റപ്പണികൾക്ക് സർക്കാർ നിർദേശം നൽകി. ഒരു മാസത്തിനുള്ളിൽ തന്നെ ടെൻഡർ പൂർത്തിയാക്കി നിർമാണം തുടങ്ങി. 2017 ആഗസ്‌റ്റിൽ കേടുപാടുകൾ പരിഹരിച്ച പാലത്തിന്റെ ഉദ്‌ഘാടനവും നടന്നു. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമായി കേടുപാടുകളില്ലാതെ ഏനാത്ത്‌ പാലം നിലനിൽക്കുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top