31 July Saturday

കോന്നിയെ ആരോഗ്യവിദ്യാഭ്യാസ തലസ്ഥാനമാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

പത്തനംതിട്ട പ്രസ്‌ക്ലബ്ബിൽ മീറ്റ്‌ ദി പ്രസ്സിൽ അഡ്വ. കെ യു ജനീഷ് കുമാർ സംസാരിക്കുന്നു

 പത്തനംതിട്ട

ജനങ്ങൾക്കൊപ്പംനിന്ന്‌ മണ്ഡലത്തിൽ നടത്തിയ വികസന പദ്ധതികളും എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ ജനക്ഷേമ നടപടികളുമാണ്‌ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു കാരണമെന്ന്‌ കോന്നി എംഎൽഎ കെ യു ജനീഷ്‌‌കുമാർ. പത്തനംതിട്ട പ്രസ്‌ക്ലബ്ബിൽ മീറ്റ്‌ ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു ജനീഷ്‌‌കുമാർ.
ഇത്തവണ കോന്നിയിൽ വലിയതോതിൽ പണം ഒഴുകി. തെരഞ്ഞെടുപ്പിന് ശേഷമുള്ള  വാർത്തകൾ ഇത് ബോധ്യമാക്കി. ഏറെ പണം ബിജെപി സംസ്ഥാന പ്രസിഡന്റ്‌ മണ്ഡലത്തിൽ ഇറക്കി. യുഡിഎഫും വൻതോതിൽ പണം ചെലവഴിച്ചു. ജനങ്ങൾ രാഷ്ട്രീയത്തിന് അതീതമായി എൽഡിഎഫിന് പിന്തുണ നൽകി. ചരിത്രത്തിൽ ഏറ്റവുമധികം വോട്ടാണ്‌ എൽഡിഎഫിന്‌ ലഭിച്ചത്–- 64,000 വോട്ട്‌. ഉപതെരഞ്ഞെടുപ്പിനെക്കാൾ 10,000 കൂടുതൽ. 
വിനോദസഞ്ചാരം, 
ആരോഗ്യം
കോന്നി സുന്ദരമായ സ്ഥലമാണ്. വിനോദസഞ്ചാര സാധ്യതകൾ ഏറെയാണ്‌.  കർഷകർ വളരെയധികം അധിവസിക്കുന്ന ഭൂമിയാണിത്. വളരെയേറെ പാവപ്പെട്ട ജനങ്ങൾ ഇവിടെയുണ്ട്‌. അവരുടെ ജീവൽപ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‌ മുൻഗണന നൽകും. 
കോന്നിയെ ആരോഗ്യവിദ്യാഭ്യാസത്തിന്റെ തലസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. അതിനുള്ള പരിശ്രമമാണ് 16 മാസമായി തുടരുന്നത്. മെഡിക്കൽ കോളേജ് അഞ്ചുവർഷം കൊണ്ട് ഘട്ടംഘട്ടമായി ഉയർത്തി രാജ്യത്തെതന്നെ ഏറ്റവും മികച്ച മെഡിക്കൽ കോളേജാക്കി മാറ്റും. ജില്ലക്കാരിയായ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ  സഹായത്തോടെ അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അത്യാഹിതവിഭാഗം ആരംഭിച്ചു. തീവ്രപരിചരണ വിഭാഗം, ഓപ്പറേഷൻ തീയറ്റർ എന്നിവ ഉടൻ ആരംഭിക്കും.
കൂടാതെ സ്പെഷ്യാലിറ്റി ജില്ലാ ഹോസ്പിറ്റൽ അഞ്ചു വർഷംകൊണ്ട്‌ സാധ്യമാക്കും. മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യമാണിത്‌. മണ്ഡലത്തെ വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റും.
പ്രകൃതിചൂഷണം ഏറ്റവുമധികം നടക്കുന്ന മേഖലയാണ് കോന്നി. ക്രഷറുകളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണ്. ക്വാറി മാഫിയ ഇവിടേക്ക്‌ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നു. ജനകീയ പ്രക്ഷോഭങ്ങളെ അതിജീവിച്ച് ക്വാറികൾ പ്രവർത്തിക്കുന്നു. പ്രതിഷേധിക്കുന്നവരെ കള്ളക്കേസുകളിൽ പെടുത്താനും അപകടപ്പെടുത്താനും ശ്രമം നടക്കുന്നു. 16 മാസത്തിൽ ഒരു ക്വാറിക്കുപോലും ലൈസൻസ്‌ നൽകിയിട്ടില്ല. നിയമപരമല്ലാത്ത ക്വാറികൾക്കെതിരെ നടപടി ഉണ്ടാകും.
കോന്നി ആനക്കൂടിന്‌ പണ്ടുള്ള പ്രശസ്തി ഇപ്പോൾ ലഭിക്കുന്നില്ല. സഞ്ചാരികളുടെ വരവ് കുറഞ്ഞു. ആനക്കുട്‌ വിപുലീകരിക്കും. ഗവി, അടവി ടൂറിസം പ്രോജക്ട്‌ തയ്യാറാക്കുന്നു. ഇത്‌ ബജറ്റ്‌ ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുനലൂർ–- മൂവാറ്റുപുഴ ഹൈവേയുടെ പണി വേഗമാക്കും. ഗ്രാമീണ റോഡുകൾ പൂർത്തീകരിക്കും. കോന്നിയിൽ ഫ്ലൈ ഓവറിനുള്ള സാധ്യതപരിശോധിക്കുന്നു. കോന്നി ബ്രാൻഡ്‌ കാർഷിക, വന, മത്സ്യ വിഭവങ്ങൾക്കുള്ള ചർച്ച നടക്കുന്നു. 
അഞ്ചു വർഷംകൊണ്ട്‌ എല്ലാ വീടുകളിലും കുടിവെള്ള കണക്‌‌ഷൻ നൽകും. 
എല്ലാവർക്കും പട്ടയം
ആറായിരത്തിലധികം പട്ടയ അപേക്ഷകൾ ഉണ്ട്. ലോക്‌ഡൗൺ മൂലമാണ് കാലതാമസമുണ്ടായത്‌. രണ്ടുമൂന്നു മാസത്തിനുള്ളിൽ പട്ടയം നൽകാനാകും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ്‌ മുമ്പ്‌ പട്ടയം കൊടുത്തത്‌.  പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉപാധികളോടെയുള്ള അനുമതി ലഭിച്ചിട്ടുണ്ട്. പകരം സ്ഥലം നൽകുക എന്നതാണ് പ്രധാന ഉപാധി.  
ഓൺലൈൻ പഠനത്തിന് എല്ലായിടത്തും സൗകര്യമൊരുക്കി. 400 മൊബൈൽ ഫോണുകളാണ് വിതരണം ചെയ്തത്. നെറ്റ്‌ കണക്‌ഷൻ ലഭ്യമാക്കാൻ സേവനദാതാക്കളുടെ യോഗം വിളിച്ചു. ആദിവാസിമേഖലയിലെ കുട്ടികൾക്കടക്കം ഫോൺ കൊടുത്തു.
മരം മുറിക്കൽ: സർക്കാർ കർഷകർക്കൊപ്പം 
മരം മുറിക്കൽ വിഷയത്തിൽ സർക്കാർ കർഷകർക്കൊപ്പമാണ്‌. ഉത്തരവ്‌ ദുർവ്യാഖ്യാനം ചെയ്‌തതാണ്‌ പ്രശ്നം. അവർക്കെതിരെ കേസെടുത്തു. കോന്നിയിൽ ഒരിടത്തും മരംമുറിക്കൽ ഉണ്ടായിട്ടില്ല. ആർഎസ്‌എസും കോൺഗ്രസും ചെറിയ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി കർഷകരെ തള്ളിപ്പറയുകയാണ്‌. ഇപ്പോൾ ഒരു തെങ്ങുപോലും മുറിക്കാനാകുന്നില്ല. കർഷകർക്ക്‌ അനുകൂലമായ തീരുമാനം സർക്കാരിൽനിന്ന്‌ ഉണ്ടാകും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top