24 August Saturday

വായ്പയെടുത്തവർക്ക് ആശ്വാസമായി ഭവന നിർമാണ ബോർഡിന്റെ കുടിശിക അദാലത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

 തിരുവല്ല

ഭവന നിർമാണ ബോർഡ് തിരുവല്ലയിൽ നടത്തിയ ജില്ലാതല ഭവന നിർമാണ വായ്പാ കുടിശിക അദാലത്ത് റവന്യു ഭവന നിർമാണ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം 214 കോടി രൂപ ഗുണഭോക്താക്കളിൽനിന്ന് വായ്പാ കുടിശിക ലഭിക്കാനുണ്ടെന്ന് മന്ത്രി പറഞ്ഞു. 
ഭവന നിർമാണ ബോർഡ് നൽകുന്ന ഭവനവായ്പ ഉപയോഗിച്ച് സംസ്ഥാനത്ത് ഇതുവരെ ഏഴ് ലക്ഷം വീടുകൾ നിർമിച്ചിട്ടുണ്ട്. വായ്പ യഥാസമയം അടച്ചുതീർക്കാത്തവരുടെ വായ്പാ തുകയും തിരിച്ചടച്ച തുകയും ഉൾപ്പെടെ പരിശോധിച്ചശേഷമാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്ത് ഗുണഭോക്താക്കളെ സഹായിക്കാനാണെന്നും ജനങ്ങൾക്ക് എത്രയും വേഗം പരിഹാരം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 
ജില്ലയിലെ 40 ഗുണഭോക്താക്കൾക്കാണ് കുടിശിക തീർപ്പാക്കാൻ അദാലത്തിലൂടെ അവസരം ലഭിച്ചത്. 32 പേർ അദാലത്തിൽ പങ്കെടുത്തു. 25 അദാലത്തുകളിൽ തീരുമാനമെടുക്കുകയും ഏഴെണ്ണം പുനപരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ജില്ലയിലെ 44 ഗുണഭോക്താക്കളിൽനിന്നായി 380.53 ലക്ഷം രൂപയാണ് ബോർഡിന് ലഭിക്കാനുള്ളത്. തിരിച്ചടയ്ക്കാൻ ശേഷിയില്ലാത്തവരുടെ സാമ്പത്തിക, ആരോഗ്യ സ്ഥിതികൾ പരിശോധിച്ച് പലിശയും കൂട്ടുപലിശയും ഒഴിവാക്കി മൂന്ന് മാസത്തിനുള്ളിൽ മൂന്ന് തവണകളായി തിരിച്ചടയ്ക്കാനുള്ള അവസരമാണ് അദാലത്തിലൂടെ ലഭിക്കുന്നത്. 
മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനായി.  കലക്ടർ പി ബി നൂഹ് മുഖ്യാതിഥിയായി. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, ഭവന നിർമാണ ബോർഡ് ചെയർമാൻ പി പ്രസാദ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി എൻ റാണി, എൻജിനീയർ എസ് ഗോപൻ, ബോർഡംഗം പി വിശ്വംഭരപണിക്കർ എന്നിവർ സംസാരിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top