23 September Monday

ഇന്ന്‌ മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019
പത്തനംതിട്ട
കേരളത്തിൽ  ഒറ്റപെട്ട സ്ഥലങ്ങളിൽ ചൊവ്വാഴ്ച ഇടിയോടും  മിന്നലോടും  കൂടിയ  മഴയ്ക്കും  കാറ്റിനും സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
സംസ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്ന വേനൽ മഴയോടനുബന്ധിച്ച് പകൽ രണ്ട്  മുതൽ വൈകിട്ട് എട്ട് വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. 
പൊതുജനങ്ങൾ പകൽ രണ്ട് മുതൽ വൈകിട്ട് എട്ട് വരെയുള്ള സമയം മുൻകരുതൽ നടപടികൾ സ്വീകരിക്കണം.  ഈ സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽനിന്നും വിലക്കണം. മഴക്കാർ കാണുമ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ  ടെറസിലേക്കോ പോകാതിരിക്കുക. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.   ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം.  ജനലും വാതിലും അടച്ചിടണം.  ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഫോൺ ഉപയോഗിക്കരുത്.  ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കണം. ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.  പട്ടം പറത്തുവാൻ പാടില്ല. തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.  
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം. 
മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല . അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ 30 സെക്കന്റ് സുരക്ഷയ്ക്കായിട്ടുള്ള സുവർണ നിമിഷങ്ങളാണ്. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോൾ തുറസായ സ്ഥലത്തേക്ക് പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.  
പ്രധാന വാർത്തകൾ
 Top