28 May Thursday

നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കണം: രാജു എബ്രഹാം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 റാന്നി

കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങുന്നില്ലെന്ന് വാർഡ്തല കമ്മിറ്റി കർശനമായി നിരീക്ഷിച്ച് ഉറപ്പുവരുത്തണമെന്ന് രാജു എബ്രഹാം എംഎൽഎ പറഞ്ഞു. കൊറോണ വൈറസ്ബാധ തടയുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിനായി റാന്നി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.  
നിരീക്ഷണത്തിലുള്ളവർ പുറത്തുപോകാതെ ശ്രദ്ധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ ഐസലേഷൻ കാലാവധി കഴിയുന്നസമയം പൊലീസ് കേസ് എടുക്കാൻ സർക്കാർ നിർദേശമുണ്ടെന്നും എംഎൽഎ പറഞ്ഞു. അതിഥി സംസ്ഥാന തൊഴിലാളികൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാനും അവർക്കിടയിൽ ബോധവൽക്കരണം നടത്താനും നിർദേശം നൽകി. മാർക്കറ്റ്, ബസ്സ്റ്റാൻഡ്, മാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ബ്രേയ്ക്ക് ദ ചെയിൻ നടത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും ആരോഗ്യ പ്രവർത്തകർ വാർഡ്തലത്തിൽ ക്ലാസുകൾ സംഘടിപ്പിച്ച് അവശ്യമായ ബോധവൽക്കരണം നടത്താനും യോഗം തീരുമാനിച്ചു. 
      റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു അധ്യക്ഷയായി. റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ശംഭു കൊറോണയുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികളും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും വിശദീകരിച്ചു. റാന്നി തഹസിദാർ സാജൻ വി കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ഡെപ്യൂട്ടി തഹസിദാർമാർ,വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top