21 March Thursday

ലൈഫ് മിഷൻ: ജില്ലയ്ക്ക് വൻനേട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

 പത്തനംതിട്ട

അർഹരായ മുഴുവൻ ഭവനരഹിതർക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള ലൈഫ് മിഷൻ പ്രവർത്തനങ്ങളിൽ ജില്ല ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ലൈഫ് മിഷൻ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടമായി ഏറ്റെടുത്തിരിക്കുന്നത് മുൻകാലങ്ങളിൽ വീട് നിർമാണത്തിന് സർക്കാർ പദ്ധതികളിൽ ഏറ്റെടുത്തവയിൽ പൂർത്തീകരിക്കാതെ കിടന്നവയുടെ പൂർത്തീകരണമാണ്. ജില്ലയിൽ വിവിധ വകുപ്പുകളുടെ പദ്ധതികളിലായി മുൻകാലങ്ങളിൽ ഏറ്റെടുത്ത് അപൂർണമായി കിടന്ന 1187 വീടുകളിൽ 1154 എണ്ണം പൂർത്തീകരിച്ച് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനത്താണ് ജില്ല. അവശേഷിക്കുന്ന വീടുകൾ മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു. 
ലൈഫ് മിഷന്റെ രണ്ടാം ഘട്ടമായി ഏറ്റെടുത്തിട്ടുള്ളത് ഭൂമിയുള്ള ഭവനരഹിതർക്കുള്ള വീട് നിർമാണമാണ്. കുടുംബശ്രീ പ്രവർത്തകർ മുഖേന നടത്തിയ സർവെയിലും പഞ്ചായത്തുതലത്തിലും ജില്ലാതലത്തിലും സ്വീകരിച്ച അപ്പീലുകളിലുമായി 4386 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ 1713 പേർ ഇതിനോടകം കരാർ വച്ച് ഭവനനിർമാണം ആരംഭിക്കുകയും അവരിൽ 280 പേർ ഇതിനകം വീടുപണി പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലും സംസ്ഥാനതലത്തിൽ ജില്ല രണ്ടാമതാണ‌്. 
ലൈഫ്മിഷന്റെ മൂന്നാം ഘട്ടമായി ലക്ഷ്യമിടുന്നത് ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ്. താമസ സൗകര്യമാക്കുക എന്നതിലുപരിയായി ഗുണഭോക്താക്കളുടെ ഉപജീവനമാർഗങ്ങളും ആധുനിക ഫ്‌ളാറ്റ് സമുച്ചയങ്ങളിലേതുപോലുള്ള പൊതുസൗകര്യങ്ങളുടെ ലഭ്യമായ ലൈഫ് ടവറുകളുടെ നിർമാണമാണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ബജറ്റിൽ ഇതിനാവശ്യമായ തുക വകയിരുത്തിയിട്ടുള്ള സാഹചര്യത്തിൽ ജില്ലയിൽ ഇതിനുള്ള പ്രവർത്തനങ്ങൾ സജീവമായിട്ടുണ്ട്. 
പന്തളം നഗരസഭയുടെ വക മുടിയൂർകോണത്തുള്ള സ്ഥലത്ത് ജില്ലയിലെ ആദ്യത്തെ ലൈഫ് ടവറിനുള്ള പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്തും പത്തനംതിട്ട നഗരസഭയും താത്പര്യം പ്രകടിപ്പിച്ച സ്ഥലങ്ങളിൽ ഭൂരഹിതർക്കുള്ള ഫ്‌ളാറ്റുകൾ നിർമിക്കുന്നതിനുള്ള നടപടികൾ പ്രാഥമിക ഘട്ടത്തിലാണെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.     
പ്രധാന വാർത്തകൾ
 Top