25 April Thursday
ജലഭവൻ ശിലാസ്ഥാപനം നടത്തി

തിരുവല്ലയുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

തിരുവല്ല വാട്ടർ അതോറിറ്റി അങ്കണത്തിൽ നിർമിക്കുന്ന ജലഭവന്റെ ശിലാസ്ഥാപനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിർവഹിക്കുന്നു

 പത്തനംതിട്ട 

തിരുവല്ല വാട്ടർ അതോറിറ്റി അങ്കണത്തിൽ നിർമിക്കുന്ന ജലഭവന്റെ ശിലാസ്ഥാപനം ജലവിഭവ  മന്ത്രി മാത്യു ടി തോമസ് നിർവഹിച്ചു. 
ഏതാനും മാസങ്ങൾക്കുള്ളിൽ തിരുവല്ലയിലെ കുടിവെള്ള പ്രശ്നം പരിപൂർണമായും പരിഹരിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കല്ലിടാൻ വേണ്ടി നിർമാണം താമസിപ്പിക്കരുതെന്ന് വാട്ടർ അതോറിറ്റിയുടെ എല്ലാ പ്രവൃത്തികളുമായും ബന്ധപ്പെട്ട് നിർദേശം നൽകിയിട്ടുണ്ട്. അതേപോലെ നിർമാണം തീർന്നാലും മന്ത്രിയുടെ ഉദ്ഘാടനത്തിനു കാത്തിരുന്ന് വെള്ളം കൊടുക്കാൻ താമസിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. പണി തീർന്നാൽ എത്രയും പെട്ടെന്നു വെള്ളം കൊടുക്കുകയെന്നതാണ് നയം. ഉദ്ഘാടനമൊക്കെ സൗകര്യമുള്ളപ്പോൾ നടത്താം. പക്ഷേ, ജനങ്ങൾക്ക് കിട്ടേണ്ട സേവനങ്ങൾക്ക് ഒരു ദിവസം പോലും കാലതാമസം ഉണ്ടാകരുതെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 
തിരുവല്ലചങ്ങനാശേരി കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടത്തിന് തിരുവല്ല നഗരസഭയുടെ വലിയ സഹകരണം ഉണ്ടായി. തിരുമൂലപുരത്ത് 15 ലക്ഷം ലിറ്ററിന്റെ ഉപരിതല ടാങ്ക് നിർമിക്കുന്നതിനുള്ള സ്ഥലം നഗരസഭ സൗജന്യമായി നൽകി. ഇതുമൂലം ഉയർന്ന പ്രദേശത്തുള്ള എല്ലാവർക്കും വെള്ളം കിട്ടുന്ന സാഹചര്യമുണ്ടാകും. കുറ്റൂർ പഞ്ചായത്തിലും സ്ഥലം ലഭ്യമായി ടാങ്ക് നിർമിച്ചാൽ അവിടുത്തെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. ഏറ്റവും മികച്ച രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തിരുവൻവണ്ടൂർ ഒഴിച്ച് എല്ലാ പാക്കേജിന്റെയും നിർമാണം ആരംഭിച്ചിട്ടുണ്ട്. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കിഫ്ബിയിൽ 2016‐17 സാമ്പത്തിക വർഷം 1251 കോടി രൂപയുടെ 35 പദ്ധതികളാണ് വാട്ടർ അതോറിറ്റി ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ 34 പദ്ധതികളുടെയും നിർമാണം ആരംഭിച്ചു. പഴയ സംഖ്യാബലം വച്ച് നേരേ ഇരട്ടി ജോലിയാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ചെയ്യുന്നത്. രണ്ടാമത്തെ വർഷം 1431 കോടി രൂപയുടെ പദ്ധതികളാണ് ഏറ്റെടുത്തിരിക്കുന്നത്. പണം ഇല്ല എന്നതിന്റെ പേരിൽ പകച്ചു നിൽക്കുകയല്ലെന്നും മന്ത്രി പറഞ്ഞു.
 
തിരുവല്ല നഗരസഭ ചെയർമാൻ കെ വി വർഗീസ് അധ്യക്ഷനായി. ജല അതോറിറ്റി ബോർഡ് അംഗം അലക്സ് കണ്ണമല, വാർഡ് കൗൺസിലർ ഷാജി തിരുവല്ല, വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനിയർ എം  മധു, എക്സിക്യുട്ടീവ് എൻജിനിയർ സി സജീവ്, സിപിഐ എം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി, പ്രൊഫ. അലക്സാണ്ടർ കെ ശാമുവേൽ, വർഗീസ് ജോൺ, ബാബു പറയത്തുകാട്ടിൽ, പ്രസന്നകുമാർ, ജിജി വട്ടശേരിൽ എന്നിവർ പങ്കെടുത്തു. 
തിരുവല്ല ‐ ചങ്ങനാശേരി കുടിവെള്ള പദ്ധതിയുടെ നവീകരണവും വിപുലീകരണവുമെന്ന പദ്ധതി പാക്കേജ് രണ്ടിൽ (16.92 കോടി രൂപയുടെ കരാർ) ഉൾപ്പെടുത്തിയാണ് ജലഭവൻ തിരുവല്ലയെന്ന പുതിയ ബഹുനില മന്ദിരം നിർമിക്കുന്നത്. 1500 ചതുരശ്ര മീറ്ററിൽ അധികം വിസ്തീർണമുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ് സമുച്ചയവും 22 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണിയും അനുബന്ധ പ്രവൃത്തികൾക്കുമായി 7.10 കോടി രൂപയാണ് കരാറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 18 മാസം കൊണ്ടു പൂർത്തിയാക്കുകയാണ് ലക്ഷ്യം. 
തിരുവല്ലയിൽ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന വാട്ടർ അതോറിറ്റിയുടെ പത്തനംതിട്ട സർക്കിൾ ഓഫീസ് പുതിയ മന്ദിരം പൂർത്തിയാകുന്നതോടെ ഇതിലേക്കു മാറ്റും. 2016ൽ ആണ് തിരുവല്ലയിൽ താൽക്കാലിക കെട്ടിടത്തിൽ വാട്ടർ അതോറിറ്റിയുടെ പത്തനംതിട്ട സർക്കിൾ ഓഫീസ് പ്രവർത്തനം തുടങ്ങിയത്. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top