പത്തനംതിട്ട
ആശുപത്രിയിൽ പോകാതെ ചികിത്സാസൗകര്യം ലഭിക്കുന്ന ഇ-- –-സഞ്ജീവനി ഓൺലൈൻ ചികിത്സയ്ക്ക് സ്വീകാര്യത ഏറുന്നു. കോവിഡ് രോഗികൾക്കുള്ള ഒപി 24 മണിക്കൂറും ഓൺലൈനിൽ ലഭ്യമാണ്. മൊബൈലിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാം. ആശുപത്രികളിലെ അനാവശ്യ തിരക്ക് ഒഴിവാക്കാൻ ഇത് ഉപകരിക്കുന്നു.
മൊബൈലിൽ esanjee vaniOPD എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തോ കമ്പ്യൂട്ടറിൽ www.seanjeevaniopd.in എന്ന പോർട്ടലിലൂടെയോ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാം. വ്യക്തിഗത വിവരങ്ങളും മുൻ ചികിത്സാ റിപ്പോർട്ടുകളും പരിശോധനാഫലങ്ങളും നൽകി രജിസ്റ്റർ ചെയ്യുമ്പോൾ ടോക്കൺ നമ്പർ ലഭിക്കും. തുടർന്ന് ലോഗിൻചെയ്ത് ടോക്കൺ നമ്പർ നൽകിയാൽ എത്ര സമയത്തിനകം ഡോക്ടർമാരുമായി സംസാരിക്കാനാകുമെന്ന് വിവരവും ലഭിക്കും.
സമയമാകുമ്പോൾ ഡോക്ടർ വീഡിയോ മുഖേന രോഗികളുമായി സംസാരിച്ച് ചികിത്സാ നിർദേശങ്ങൾ നൽകും. ചികിത്സാ രേഖകൾ മൊബൈലിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ ലഭിക്കുകയും ചെയ്യും. ഇതുപയോഗിച്ച് സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യമായി മരുന്നും വാങ്ങാം.
സംസ്ഥാന ആരോഗ്യവകുപ്പ് നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജനറൽ ഓപി ദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയും വിദഗ്ധ ചികിത്സയ്ക്ക് ദിവസവും രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും സേവനം ലഭിക്കും.
വിവിധ പിഎച്ച് സികളിൽനിന്ന് വിദഗ്ധ ഡോക്ടർമാരുമായി ടെലിമെഡിസിൻ വഴി ചികിത്സാ നിർദേശം സ്വീകരിക്കാനും സാധിക്കും. നിലവിൽ പത്തനംതിട്ടയിലും തിരുവല്ലയിലുമാണ് ഡോക്ടർമാരുമായി പിഎച്ച്സികൾ വഴി വിദഗ്ധ ചികിത്സാ സംവിധാനം ഒരുക്കിയിട്ടുള്ളത്. മറ്റ് പിഎച്ച്സികളിലും ഈ മാസം അവസാനത്തോടെ വിദഗ്ധ ഡോക്ടർമാരുമായി ചികിത്സാ നിർദേശം സ്വീകരിക്കാൻ സംവിധാനം ഒരുങ്ങുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..