25 August Sunday

തിരുവല്ല‐ചങ്ങനാശേരി ജലവിതരണ പദ്ധതി 9 മാസത്തിനുള്ളിൽ പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019
തിരുവല്ല
തിരുവല്ല‐ചങ്ങനാശേരി നഗരസഭകൾക്കും സമീപ പഞ്ചായത്തുകൾക്കുമായി നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതി ഒമ്പത് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് നിയമസഭയിൽ ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. മാത്യു ടി തോമസ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കിഫ്ബിയിലൂടെ 58 കോടി ചെലവഴിച്ച് പൂർത്തിയാക്കുന്ന പദ്ധതി 2020 മാർച്ച് മാസത്തോടെ ഉദ്ഘാടനം ചെയ്യും.
തിരുവല്ല, തിരുമൂലപുരം, കല്ലിശേരി, തിരുവൻവണ്ടൂർ, കുറ്റൂർ എന്നിവിടങ്ങളിൽ 15 ലക്ഷംലിറ്റർ സംഭരണശേഷിയുള്ള വാട്ടർടാങ്കുകൾ, തിരുവല്ല, കല്ലിശേരി ജലശുദ്ധീകരണ ശാലകളുടെ നവീകരണം, വിതരണശൃംഖലകൾ എന്നിവ ഉൾപ്പെട്ടതാണ് പദ്ധതി. 
  മല്ലപ്പള്ളി‐ ആനിക്കാട് കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം ഈ മാസം പൂർത്തിയാകും. ഇൻടേക്ക് കിണർ, ജലശുദ്ധീകരണശാല എന്നിവയുടെ നിർമാണമാണ് പൂർത്തിയാകുന്നത്. ജലസംഭരണികളും പമ്പിംങ് ലൈനുകളും ഉൾപ്പെട്ട രണ്ടാംഘട്ടം 2020 മാർച്ച് മാസത്തോടെ പൂർത്തിയാക്കാനാകും. 
 കുന്നന്താനം, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകൾക്കായുള്ള ശുദ്ധജല പദ്ധതി ആരംഭിക്കുന്നതിനുള്ള തടസങ്ങൾ എന്തൊക്കെയാണെന്നും മാത്യു ടി തോമസ് എംഎൽഎ ചോദിച്ചു. പദ്ധതിക്കായി കോയിപ്രം പഞ്ചായത്തിൽ നിർമിക്കാനുദ്ദേശിക്കുന്ന 40 ദശലക്ഷം സംഭരണശേഷിയുള്ള ജലശുദ്ധീകരണശാലയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് ഹൈക്കോടതിയിൽ കേസുള്ളതായി ജലമന്ത്രി അറിയിച്ചു. സ്ഥല ഉടമകൾ ഉൾപ്പെട്ട കമ്പനി നൽകിയ പരാതിയിൽ കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. കേസിലെ വസ്തുതകൾ ഹൈക്കോടതിയെ ബോധ്യപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും മന്ത്രി വിശദീകരിച്ചു.
 
പ്രധാന വാർത്തകൾ
 Top